കോട്ടപ്പാറക്ക് സമീപം വീട്ടുമുറ്റത്ത് പുലി
text_fieldsകാഞ്ഞങ്ങാട്: മാവുങ്കാൽ കോട്ടപ്പാറക്ക് സമീപം വീട്ടുമുറ്റത്ത് പട്ടിക്കൂടിനടുത്ത് പുലിയെ കണ്ടു. വാഴക്കോടിനടുത്ത് നെല്ലിയടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടെന്നാണ് പറയുന്നത്.
ഞായറാഴ്ച രാത്രി 10നാണ് പുലിയെ കണ്ടത്. വളർത്തു പട്ടിയുടെ കൂടിനരികെയായിരുന്നു പുലിയുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഒത്ത ഉയരമുള്ളതാണെന്നും പറയുന്നു. ഏതാനും ദിവസം മുമ്പ് ഉച്ചക്ക് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായും പറയുന്നുണ്ട്. വനപാലകരെ വിവരം അറിയിച്ചു.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാഹുലിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. കാൽപാടുകൾ കണ്ടെത്തിയില്ലെങ്കിലും കണ്ടത് പുലിയെതന്നെയാകാമെന്ന് വനപാലകർ കരുതുന്നു. സ്വകാര്യ വ്യക്തികളുടെ ഏക്കർ കണക്കിന് സ്ഥലം കാട് മൂടി കിടക്കുന്നുണ്ട്. ഇവിടെ വന്യജീവികൾ താവളമാക്കാൻ സാധ്യതയുണ്ട്. ഈ സാഹര്യത്തിൽ കാടുകൾ പൂർണമായും നശിപ്പിക്കാൻ സ്ഥലം ഉടമകളോട് ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഭാഗത്തെ കാടുകൾ വെട്ടുന്നതിന് പഞ്ചായത്തിനും നിർദേശം നൽകും. രാത്രി സമയത്ത് വനപാലകർ നിരീക്ഷണം നടത്തുന്നുണ്ട്. രാത്രിയിൽ വീട്ടുമുറ്റത്ത് വെളിച്ചം വേണമെന്നും ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കാമറയോ കൂടോ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.