പെട്രോളിയം ഉൽപന്നവുമായി സഞ്ചരിച്ച ടാങ്കർ ലോറിയുടെ ടയറിന് തീപിടിച്ചു
text_fieldsകാഞ്ഞങ്ങാട്: മംഗളൂരുവിൽനിന്നും കൊച്ചിയിലേക്ക് പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിന് തീ പിടിച്ചു. വെള്ളിയാഴ്ച പുലർച്ച നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കെ.എസ്.ടി.പി റോഡിലാണ് സംഭവം.
ടാങ്കർ ലോറിയുടെ പിറകിലെ ഇടതുവശത്തെ ടയറിലേക്കുള്ള എയർ പൈപ്പ് ജാം ആയതിനാലാണ് തീപിടിച്ചത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാടുനിന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സതീഷിെന്റ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി . ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ വി.എസ്. ജയരാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.എം. വിനീത്, പി. വരുൺരാജ്, ഹോംഗാർഡ് നാരായണൻ എന്നിവരും ഹോസ്ദുർഗ് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ടാങ്കർ ലോറികളുൾപ്പെടെ കെ.എസ്.ടി.പി റോഡിൽ സഞ്ചരിക്കരുതെന്ന് നേരത്തെ ജില്ല കലക്ടർ അറിയിച്ചതാണ്.
അത് മറികടന്നാണ് ചില ഡ്രൈവർമാർ ദൂരം ലാഭിക്കാൻവേണ്ടി കെ.എസ്.ടി.പി റോഡിലൂടെ വരുന്നത്. ഇന്നലെ പുലർച്ചയുണ്ടായ അപകടം നാട്ടുകാരുടെ ഭാഗ്യംകൊണ്ടു മാത്രമാണ് അത്യാഹിതമില്ലാതെ ഒഴിഞ്ഞുപോയത്. ജില്ല അധികാരികൾ, നിരോധനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.