ഹോസ്ദുർഗ് കോട്ടയെ മിനുക്കിയെടുത്ത് ‘സഞ്ചാരി’
text_fieldsകാഞ്ഞങ്ങാട്: കാടുമൂടിക്കിടന്ന് ഇഴജന്തുക്കൾ താവളമാക്കിയ ഹോസ്ദുർഗ് കോട്ടയെ വൃത്തിയും വെടിപ്പുമുള്ളതാക്കി സഞ്ചാരികൾ. സഞ്ചാരികളുടെ കൂട്ടായ്മയായ സഞ്ചാരിയുടെ 10ാം വാർഷികാഘോഷവും സഞ്ചാരി കാസർകോട് യൂനിറ്റ് സ്ഥാപിതമായതിന്റെ എട്ടാം വാർഷികവും സഞ്ചാരി കാസർകോട് യൂനിറ്റ് സംഘടിപ്പിച്ച ഒത്തുചേരലും പിന്നാലെ ഹോസ്ദുർഗ് കോട്ടയിൽ നടന്നു.
രാവിലെതന്നെ എത്തിയ അംഗങ്ങൾ കാടും മുൾച്ചെടികളും വെട്ടിമാറ്റി കോട്ടയുടെ മുകളിലേക്കുള്ള കൊത്തളത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാടിന്റെ ഹൃദയകവാടമായ ഹോസ്ദുർഗ് കോട്ടയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞമാസം ടൂറിസം മന്ത്രിയുമായി ചർച്ച നടത്തുകയും പദ്ധതികൾ ഉൾപ്പെടുന്ന മാർഗരേഖ ഉണ്ടാക്കി സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുജാത പറഞ്ഞു.
ഹാപ്പിനെസ് പാർക്ക് പോലെ സംരംഭം നടപ്പാക്കാൻ നഗരസഭ ആലോചിച്ചിട്ടുണ്ടെന്നും രൂപരേഖകൾ തയാറാക്കി സമർപ്പിക്കാനുള്ള തയാറെടുപ്പിലാണെന്നും അവർ പറഞ്ഞു. കോട്ട കാടുമൂടി സാമൂഹികവിരുദ്ധരുടെ താവളമായി നശിച്ചുകിടക്കുകയായിരുന്നു.
കോട്ടയുടെ കൊത്തളങ്ങളും നടപ്പാതയുമൊക്കെ സഞ്ചാരയോഗ്യമാക്കി മാറ്റിയതോടെ ഇവിടം ആകർഷണീയമായി. അത്രമേൽ കാടുമൂടിക്കിടക്കുകയായിരുന്നു ഹോസ്ദുർഗ് കോട്ട. സഞ്ചാരി കോഓഡിനേറ്റർമാരായ അശ്വത് രാജ് ബഹുമാൻ, ആന്റണി, രതീഷ് അമ്പലത്തറ, ശ്രീരാജ്, രതീഷ് കുറ്റിക്കോൽ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സുരാജ്, വിപിൻ, അഭിജിത്, നിതിൻ, ശൈലേഷ്, അമൽദേവ്, അജയ്, രാംദാസ്, പ്രിയേഷ്, അഭിലാഷ്, കിച്ചു, നാരായണൻ, മീനാക്ഷി, അഞ്ജന, രേഷ്മ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.