നാടിന് തണലേകിയ മുത്തശ്ശിമരം ഓർമയാകുന്നു
text_fieldsകാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്യൂണിസ്റ്റ് തീരുമാനങ്ങൾക്ക് തണലേകിയ മുത്തശ്ശിമരം നാശത്തിന്റെ വക്കിൽ. ആയിരങ്ങൾക്ക് തണലൊരുക്കിയ മുത്തശ്ശിമരം നശിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയാണ് മടിക്കൈ അമ്പലത്തുകരയിലെ നാട്ടുകാര്‍. അമ്പലത്തുകരക്ക് തൊടുകുറിയായിരുന്നു ഈ പാലമരം. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നതും മുത്തശ്ശിമരത്തെയാണ്.
മരത്തിനെത്ര പ്രായമുണ്ടെന്ന് പറയാന്‍ ജീവിച്ചിരിക്കുന്നവർ ആരുമില്ല. ഈ മരച്ചുവട്ടില്നിന്നായിരുന്നു പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ അമ്പലത്തുകരയിലെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും എടുത്തിരുന്നത്. ഈ മരച്ചുവട്ടിൽ വിശ്രമിച്ചവരും നാട്ടുവർത്തമാനം പറഞ്ഞിരുന്നവരും നിരവധി. ഇലകൾ പൊഴിഞ്ഞ് വാർധക്യത്തിന്റെ എല്ലാ അടയാളങ്ങളും മുത്തശ്ശിമരം പ്രകടിപ്പിക്കുന്നുണ്ട്.
മുത്തശ്ശിമരം അപകടഭീഷണി ഉയര്‍ത്തുന്നത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നുമുണ്ട്. വിദ്യാര്‍ഥികളടക്കം ഇതുവഴി സഞ്ചരിക്കുന്ന ആളുകൾക്ക് മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഭീഷണിയാവുന്നു. മരച്ചില്ലകള്‍ പൊട്ടിവീഴുന്നതും പതിവാണ്. കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വരുന്ന ഈ മുത്തശ്ശിമരത്തെ സംരക്ഷിക്കാൻ സാധ്യമാകുമോയെന്നും അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.