മുള്ളൻപന്നിയെ കറിവെക്കാൻ ശ്രമം; രണ്ടുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: വണ്ടിതട്ടിയ മുള്ളൻപന്നിയെ കറിവെക്കാൻ ശ്രമിച്ച സിവിൽ ഡിഫൻസ് അംഗത്തിനും മറ്റൊരാൾക്കുമെതിരെ വനംവകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവിൽ ഡിഫൻസ് അംഗം ചെമ്മട്ടംവയൽ സ്വദേശി എച്ച്. കിരൺകുമാർ, ചുള്ളിക്കര അയറോട്ട് പാലപ്പുഴ സ്വദേശി ഹരീഷ് കുമാർ എന്നിവർക്കെതിരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് കേസെടുത്തത്. ഹരീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. കേസെടുത്ത വിവരമറിഞ്ഞ് കിരൺ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടച്ചേരി മേൽപാലത്തിന് സമീപം കഴിഞ്ഞദിവസം രാവിലെ നാട്ടുകാരാണ് മുള്ളൻപന്നിയെ വണ്ടിയിടിച്ച് ചത്തനിലയിൽ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവിൽ ഡിഫൻസ് അംഗം കിരൺകുമാർ കുഴിച്ചിടാനെന്ന് പറഞ്ഞ് ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി. സംശയം തോന്നിയ ചിലർ വനം വകുപ്പിന്റെ തിരുവനന്തപുരം ഓഫിസിൽ വിവരമറിയിച്ചു.
ബന്ധുവായ ഹരീഷിന്റെ വീട്ടിലെത്തി കുഴിയെടുത്ത് മുള്ളൻപന്നിയെ ഇതിൽ ഇറക്കിവെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് കുഴിയിൽനിന്ന് പുറത്തെടുത്ത് ചൂടുവെള്ളം മുള്ളൻ പന്നിയുടെ ദേഹത്ത് ഒഴിച്ച് മുള്ളുകൾ മാറ്റി തൊലി കളഞ്ഞനിലയിലാണ് പന്നിയിറച്ചി ലഭിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ കിരൺ കുമാർ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.