അജാനൂർ കടപ്പുറത്ത് തോണി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: അജാനൂർ ചിത്താരി അഴിമുഖത്ത് തിരമാലയിൽപ്പെട്ട് ഫൈബർ തോണി മറിഞ്ഞ് ഏഴു മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച 11ഒാടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ചിത്താരി അഴിമുഖത്തു കയറുന്നതിനിടെ തോണിയുടെ മുൻവശം മണൽതിട്ടയിൽ തട്ടി. ഇതിനിടെ ആഞ്ഞടിച്ച തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. ചില മത്സ്യത്തൊഴിലാളികൾ തോണിക്കടിയിൽപ്പെട്ടു.
പുഞ്ചാവിയിലെ ആനന്ദൻ, മരക്കാപ്പ് കടപ്പുറത്തെ രമേശൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലേക്കു മാറ്റി. സുധീന്ദ്രൻ, രമേശൻ, പ്രകാശൻ, രതീഷ് മരക്കാപ്പ്, രതീഷ് ബത്തേരിക്കൽ എന്നിവരടക്കം ഏഴുപേരാണ് അപകടസമയത്ത് തോണിയിലുണ്ടായിരുന്നത്. മീനാപ്പീസ് കടപ്പുറത്തെ രതീഷിെൻറ ഉടമസ്ഥതയിലുള്ള മെഹരാജ് എന്ന ഫൈബർ തോണിയാണ് അപകടത്തിൽപെട്ടത്. എൻജിന് കെടുപാടുകൾ സംഭവിച്ചു.
ഇതിനിടെ വല ഒഴുക്കിൽപ്പെട്ട് 200 മീറ്ററോളം ദൂരെ ഒഴുകി. കരയിൽനിന്നെത്തിയ രക്ഷാപ്രവർത്തകരാണ് മത്സ്യത്തൊഴിലാളികളെയും വള്ളവും വലയും രണ്ട് എൻജിനുകളും കരയിലെത്തിച്ചത്.
എൻജിനുകൾ ഉപ്പുവെള്ളം കയറി നശിച്ചു. വല മുറിഞ്ഞു. ഫൈബർ തോണിക്കും കേടുപാട് സംഭവിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ രതീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.