അപകട ഭീഷണിയായി സീബ്രാലൈനിലെ യു ടേൺ
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽ റോഡ് കുറുകെ കടക്കാനുള്ള യു ടേൺ സ്ഥാപിച്ചതിനെതിരെ പരാതി. സീബ്രാലൈനിൽ പഴയ കൈലാസ് തിയറ്ററിന് സമീപത്താണ് തലതിരിഞ്ഞ ട്രാഫിക് സംവിധാനമുണ്ടാക്കിയത്. കെ.എസ്.ടി.പി റോഡ് വന്നതോടെ നഗരത്തിൽ റോഡിനെ വേലികെട്ടി രണ്ടായി മുറിച്ചിരുന്നു. ബസ് സ്റ്റാൻഡിനും ടി.ബി റോഡിനുമിടയിൽ റോഡ് കുറുകെ കടക്കാൻ കട്ടിങ് ഉണ്ടായിരുന്നില്ല. ഓട്ടോഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ പരാതി ശക്തമായതോടെയാണ് കൈലാസിന് സമീപത്ത് യു ടേൺ ഉണ്ടാക്കിയത്. സീബ്രാലൈനിൽ തന്നെ യൂ ടേൺ ഉണ്ടാക്കിയെന്നതാണ് പരാതിക്കിടയാക്കിയത്.
ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇതുവഴി റോഡ് മുറിച്ചുകടക്കുന്നത്. ഈസമയത്ത് ചെറുവാഹനങ്ങളും യു ടേണിലൂടെ കടന്നുപോകുന്നതിനാൽ പലരും തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. യു ടേണിന്റെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അംബുജാക്ഷൻ ആലാമിപള്ളി ജില്ല കലക്ടർ, ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.