ഹോസ്ദുർഗ് ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം
text_fieldsകാഞ്ഞങ്ങാട്: ഞായറാഴ്ച നടന്ന ഹോസ്ദുർഗ് ഭവന നിർമാണ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ കഷ്ടിച്ച് കരകയറി. കടുത്ത മത്സരമാണ് യു.ഡി എഫ് ഒറ്റക്ക് ഭരിക്കുന്ന ഭവന നിർമാണ സഹകര സംഘം തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാഴ്ച വെച്ചത്.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല്വരെ സംഘത്തിന് സമീ പത്തെ യു.ബി.എം.സി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ബി.ജെ.പി യും യു.ഡി.എഫും തമ്മിൽ നേർക്കുനേരെയായിരുന്നു മത്സരം. സി.പി.എമ്മിന് സംഘത്തിൽ നൂറോളം വോട്ടുണ്ടെങ്കിലും മത്സരരംഗത്തുണ്ടായിരുന്നില്ല. 3229 വോട്ടർമാരാണ് സംഘത്തിലുള്ളത്. ഇതിൽ മൂന്നിൽ ഒന്ന് വോട്ടർമാർ മാത്രമാണ് വോട്ട് ചെയ്തത്. 1291 പേർ വോട്ട് ചെയ്തു.
ബി.ജെ.പിയുടെ ഒരു സ്ഥാനാർഥി 579 വോട്ട് വരെ നേടി. 500ന് മുകളിൽ ബി.ജെ.പിയുടെ ഒമ്പത് സ്ഥാനാർഥികളും വോട്ട് നേടിയിട്ടുണ്ട്. പാനൽ വോട്ട് ബി.ജെ.പിക്ക് 434 വീതവും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് 508വീതവുമാണ് ലഭിച്ചത്. ബാക്കി വോട്ടുകൾ ക്രോസിങ്ങായാണ് സ്ഥാനാർഥികളുടെ പെട്ടിയിൽ വീണത്. കഷ്ടിച്ച് 30 വോട്ട് വരെയുള്ള ഭൂരിപക്ഷത്തിന് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
സൊസൈറ്റിയിൽ ബി.ജെ.പിക്ക് 350ഓളം വോട്ടുകൾ മാത്രമേ ഉള്ളൂ എന്നിരിക്കെയാണ് ബി.ജെ.പി സ്ഥാനാർഥികൾ വലിയ വോട്ട് നേടിയത്. ബി.ജെ.പി തങ്ങളുടെ വോട്ടർമാരെ ഏറക്കുറെ ബൂത്തിലെത്തിച്ചെങ്കിലും യു.ഡി.എഫിന്റെ പകുതിയിലേറെ വോട്ടർമാരും വോട്ട് ചെയ്യാനെത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്തുകൊല്ലം മുമ്പ് വരെ കോൺഗ്രസും ലീഗ് - ബി.ജെ.പി സഖ്യമാണ് സംഘം ഭരിച്ചിരുന്നത്. ഭവനനിർമാണ സഹകരണ സംഘത്തിൽ ബി.ജെ.പിയെ ഒഴിവാക്കിയാണ് യു.ഡി.എഫ് പിന്നീടുള്ള കാലം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് നേതാവ് വി. മാധവൻ നായരായിരുന്നു സംഘത്തിന്റെ പ്രസിഡൻറ്.
ഇത്തവണ മാധവൻ നായർ മത്സര രംഗത്തുണ്ടായിരുന്നില്ല. ടി. അബ്ദുൽകരീം, പി.സി. ഇസഹാഖ്, പി.വി. തമ്പാൻ, എം. രാമകൃഷ്ണൻ, എ. ലീല, സി. ശ്യാമള, കെ.വി. ഹേമ, വി. ഗോപാലൻ, പി. സതീശൻ എന്നിവരാണ് യു.ഡി.എഫ് പാനലിൽ മത്സരിച്ചത്. എൻ. അശോക് കുമാർ, എം. ബാലകൃഷ്ണൻ, എം. രവീന്ദ്രൻ, എ.കെ. സുരേശൻ, കെ. കാർത്യായനി, എ. പൂർണിമ, എച്ച്.ആർ. സുകന്യ, കെ. ദിലീപ് കുമാർ, എം. ബൽരാജ് എന്നിവരായിരുന്നു ബി.ജെ.പി സ്ഥാനാർഥികൾ.
സംഘം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് എം. ബൽരാജ്, മുനിസിപ്പൽ കൗൺസിലർ എൻ. അശോക് കുമാർ തുടങ്ങിയവരെ മത്സരരംഗത്തിറക്കിയിരുന്നുവെങ്കിലും നേരിയ വോട്ട് വ്യത്യാസത്തിൽ ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞങ്ങാട്ട് വിജയാഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.