തുരുമ്പെടുത്ത് കോടികൾ; നശിക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ
text_fieldsകാഞ്ഞങ്ങാട്: മാവുങ്കാൽ ആനന്ദാശ്രമം നിർമിതികേന്ദ്രം വളപ്പിൽ കാട്ടിനകത്ത് വാഹനക്കൂമ്പാരം. ഹോസ്ദുർഗ് പൊലീസ് വിവിധ കേസുകളിലായി പിടികൂടി സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാതായതോടെ 10 വർഷം മുമ്പ് നിർമിതികേന്ദ്രം വളപ്പിലേക്ക് മാറ്റിയതാണ് വാഹനങ്ങൾ. പിന്നീട് ഈ പ്രദേശം കാടു വളർന്ന് നൂറുകണക്കിന് വാഹനങ്ങൾ ഇതിനകത്തായി.
ലോറി, കാർ, ടെമ്പോ, ഓട്ടോ, ബൈക്കുകൾ, ജീപ്പ് ഉൾപ്പെടെ വിവിധതരം വാഹനങ്ങളുണ്ട്. ഏറക്കുറെ മിക്ക വാഹനങ്ങളും തുരുമ്പ് വിഴുങ്ങി നശിച്ചനിലയിലാണ്. സംരക്ഷണമില്ലാതെ കിടക്കുന്ന വാഹനങ്ങളിൽനിന്ന് എൻജിൻ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാനുള്ള സാധ്യതയുമുണ്ട്. അനധികൃതമായി മണൽ കടത്തുന്നതിനിടെ പിടികൂടിയ നിരവധി ടിപ്പർ ലോറികളുമുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞതോടെ പിടികൂടുന്ന വാഹനങ്ങൾ പിന്നീട് സ്റ്റേഷന് മുന്നിൽ റോഡരികിലും ഗവ. റെസ്റ്റ് ഹൗസിന് മുന്നിലെ റോഡരികിലുമായി നിർത്തിയിട്ടു. തീരദേശ റോഡിലേക്കുള്ള ഗതാഗതത്തിന് ഭീഷണിയാവുകയും പരാതി വ്യാപകമായതോടെയാണ് നിർമിതികേന്ദ്രം വളപ്പിലേക്ക് മാറ്റിയത്.
ഇതിനുശേഷമുണ്ടായ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലും റോഡരികിലുമായി ഇപ്പോഴുമുണ്ട്. ഇരുചക്രവാഹനങ്ങളാണ് സ്റ്റേഷൻ വളപ്പിൽ ഏറെയുമുള്ളത്. കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ ഇടക്കാലത്ത് നടപടിയുണ്ടാവുകയും ചില വാഹനങ്ങൾ ലേലത്തിൽ വിറ്റു പോവുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ലേലനടപടി മുടങ്ങി. കോടതിനടപടികൾ കേസിൽ വർഷങ്ങളായി നീളുന്നതും വാഹനങ്ങൾ തുരുമ്പെടുക്കുന്നതിന് കാരണമാകുന്നു. ബേക്കൽ, അമ്പലത്തറ, രാജപുരം, നീലേശ്വരം, ചിറ്റാരിക്കാൽ, ചീമേനി, ചന്തേര, വെള്ളരിക്കുണ്ട്, മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലും നൂറുകണക്കിന് വാഹനങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.