ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിജിലൻസ് റെയ്ഡ്
text_fieldsകാഞ്ഞങ്ങാട്: കോസ്റ്റൽ പൊലീസ് പിടിച്ചെടുത്ത ബോട്ടിന് പിഴ ഈടാക്കിയെന്ന രേഖ കൃത്രിമമായി ഉണ്ടാക്കിയെന്ന പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിജിലൻസ് റെയ്ഡ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത് അന്വേഷണത്തിന് ഡയറക്ടർക്ക് ശിപാർശ നൽകാൻ തീരുമാനിച്ചു.
തളങ്കര കോസ്റ്റൽ പൊലീസ് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പിനെ ഏൽപിച്ച ബോട്ടിന്റെ പിഴ ഒഴിവാക്കാനാണ് കൃത്രിമ രേഖയുണ്ടാക്കിയത്. 2020 നവംബർ എട്ടിനായിരുന്നു ഇത്. വലിയ ബോട്ടുകൾ കരയോടടുത്ത് മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ച സമയത്ത് നിരോധിത മേഖലയിൽനിന്ന് തീരദേശ പൊലീസ് ബോട്ട് പിടികൂടുകയായിരുന്നു.
ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് പിടിക്കപ്പെട്ടാൽ പിഴ ഈടാക്കാനുള്ള അധികാരം ഫിഷറീസ് വകുപ്പിനാണ്. എന്നാൽ, ഫിഷറീസ് വകുപ്പിനെ ബോട്ട് ഏൽപ്പിച്ചതിന് പിറ്റേദിവസം തന്നെ പിഴ ഈടാക്കിയതായുള്ള രേഖ കോസ്റ്റൽ പൊലീസിന് ഇ-മെയിലായി അയച്ചിരുന്നു. തുടർന്ന് ബോട്ട് വിട്ടുനൽകുകയുണ്ടായി.
എന്നാൽ, ഈടാക്കിയ തുക സർക്കാറിലേക്ക് ഒടുക്കിയിരുന്നില്ല. പിഴ ഈടാക്കിയതായി ഓഫിസ് രേഖകളിലുമില്ല. ഡെപ്യൂട്ടി ഡയരക്ടർ ഓഫിസിൽ അന്നുണ്ടായ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
10500 രൂപ ബോട്ടുടമ അടച്ചതായി ഉദ്യോഗസ്ഥർ പൊലീസിന് അയച്ച മെയിൽ സന്ദേശം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ കമ്പ്യൂട്ടറിൽനിന്ന് വിജിലൻസ് കണ്ടെത്തി.
ഈ തെളിവുകളുൾപ്പെടെ വിജിലൻസ് ശേഖരിച്ചു. എന്നാൽ, പണമടച്ചതിന്റെ രസീതാ പണം അടച്ചതായി ബുക്കിലോ കമ്പ്യൂട്ടർ രേഖയിലോ ഇല്ല. വ്യാജ രേഖയുണ്ടാക്കി, സർക്കാറിന് ലഭിക്കേണ്ട തുകയാണ് ഉദ്യോഗസ്ഥർ ഇല്ലാതാക്കിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പശോധനയിൽ സബ് ഇൻസ്പെക്ടർ കെ. രാധാകൃഷ്ണൻ, അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. രഞ്ജിത് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.