ലക്ഷങ്ങൾ മുടക്കിയ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തനം നിലച്ചു
text_fieldsകാഞ്ഞങ്ങാട്: ലക്ഷങ്ങൾ മുടക്കി കോട്ടച്ചേരി നഗരസഭ മത്സ്യമാർക്കറ്റിൽ സ്ഥാപിച്ച വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നോക്കുകുത്തിയായി. 2018-19 വർഷത്തിലാണ് കോട്ടച്ചേരി മത്സ്യമാർക്കറ്റിൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിച്ചത്. 20 ലക്ഷം രൂപ മുടക്കിയായിരുന്നു സ്ഥാപിച്ചത്.
മാർക്കറ്റിലെ മലിനജലം വാട്ടർ ടാങ്കിൽ ശേഖരിച്ച് ഇവിടെ വെച്ചു സംസ്കരിക്കുകയും ഇത് ശുദ്ധജലമാക്കി മാറ്റിയശേഷം മാർക്കറ്റിലെ ശുചീകരണ പ്രവർത്തികൾക്ക് ഉപയോഗിക്കാം എന്നുള്ളതിനാലുമാണ് ഇത്ര വലിയ തുക മുടക്കി പ്ലാൻറ് സ്ഥാപിച്ചത്. എന്നാൽ ഏതാനും മാസങ്ങൾ മാത്രമേ ഇത് സുതാര്യമായി പ്രവർത്തിച്ചുള്ളൂ.
ത്രീ ഫീസ് വയറിങ് ഉൾപ്പെടെ കത്തി നശിച്ചതിനെ തുടർന്ന് നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാർ പൂർണമായും പരിഹരിക്കാനായില്ല. ഇതേത്തുടർന്ന് ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയാണ് യന്ത്രസാമഗ്രികൾ സ്ഥാപിച്ചത്. 16 ലക്ഷം രൂപ കമ്പനിക്ക് നഗരസഭ നൽകിയിരുന്നു. നാലു ലക്ഷം രൂപ ബാക്കി നൽകാനുണ്ട്.
കൊട്ടിഘോഷിച്ച് സ്ഥാപിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറാണ് മൂന്നു വർഷത്തിലേറെയായി പ്രവർത്തനരഹിതമായി കിടക്കുന്നത്. മത്സ്യവെള്ളം ശുചീകരിക്കുന്നതിനൊപ്പം മറ്റു മത്സ്യമാലിന്യങ്ങൾ ഇവിടെത്തന്നെ സംസ്കരിച്ച് വളമാക്കുന്നതിനും സംവിധാനം ഒരുക്കിയിരുന്നു. ബന്ധപ്പെട്ടവരുടെ നിരുത്തരവാദമാണ് ആധുനിക യന്ത്രസാമഗ്രികൾ നോക്കുകുത്തിയാകാൻ കാരണമെന്ന് ആക്ഷേപമുയർന്നു.
ഇപ്പോൾ ഇതിന്റെ ടാങ്കിൽ നിറയുന്ന മലിനജലം ടാങ്കർ ലോറി ഉപയോഗിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നഗരസഭക്ക് ഇതിന് ദിനംപ്രതി വലിയ തുക ചെലവാകുന്നുണ്ട്.
നഗരസഭ മത്സ്യമാർക്കറ്റിൽ സ്ഥാപിച്ച ബയോഗ്യാസ് സംവിധാനം കുഴിച്ചുമൂടിയതിനു ശേഷമാണ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിച്ചത്. ബയോഗ്യാസ് സ്ഥാപിച്ച വകയിലും നഗരസഭക്ക് വൻ തുക നഷ്ടമുണ്ടായി. മത്സ്യജലത്തിന്റെ കുറേഭാഗം പരിസരത്ത് തന്നെ കെട്ടിക്കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.