ചളിക്കുളമായി കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ്
text_fieldsകാഞ്ഞങ്ങാട്: മഴയെത്തിയതോടെ ബസ്സ്റ്റാൻഡ് ചളിക്കുളമായി. ദീർഘദൂര സർവിസുകളടക്കം 230 ഓളം ബസുകൾ എത്തുന്ന കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡാണ് യാത്രക്കാർക്ക് കയറാൻപറ്റാത്ത വിധമായത്. നീലേശ്വരം ഭാഗത്തേക്കുള്ള ട്രാക്കിലെ ബസിൽ കയറാൻ പോകുന്നതിനിടെ പിന്നിലൂടെ മറ്റൊരു ബസ് വന്നാൽ ചളിയിൽ കുളിക്കും.
അറ്റകുറ്റപ്പണിക്കായി പഴയ ബസ് സ്റ്റാൻഡ് അടച്ചിടാനും പുതിയത് സജീവമാക്കാനും മാസങ്ങൾക്ക് മുമ്പേ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ, നടപ്പായിരുന്നില്ല. ബസ് സ്റ്റാൻഡ് അടച്ചിടുന്ന തീരുമാനം ഉടൻ നടപ്പാക്കരുതെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടതും സർക്കാറിന്റെ വാർഷിക പരിപാടികൾക്കായി അലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡ് ഉപയോഗിക്കേണ്ടി വന്നതും തുടർന്ന് ബോക്സിങ് ചാമ്പ്യൻഷിപ്പ് പോലെ ഒട്ടനേകം പരിപാടികൾക്കായി സ്റ്റാന്റ് വിട്ടുനൽകിയതും രണ്ട് മാസത്തോളം നടപടി വൈകിപ്പിച്ചു.
മഴ വന്നതോടെ അടിയന്തിരമായി പുതിയ ബസ് സ്റ്റാൻറ്സജീവമാക്കണമെന്നാണ് ആവശ്യം. കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കും കൂടിയിട്ടുണ്ട്. ഇതിന് പരിഹാരമായി ദീർഘദൂര ബസുകളുടെ പ്രവേശനത്തിൽ നിയന്ത്രണം വരുത്തണമെന്ന് ഒരുവിഭാഗം ബസുടമകൾ ഉന്നയിക്കുന്നുണ്ട്.
കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ അലാമിപ്പള്ളിയിൽ നിന്ന് ജില്ല ആശുപത്രി വഴി കാസർകോടേക്ക് പോയാൽ ദീർഘദൂര യാത്രക്കാർക്ക് കുരുക്കിൽ സമയനഷ്ടമുണ്ടാകില്ല. പാണത്തൂരിൽ നിന്ന് നഗരത്തിലേക്ക് വരുന്ന ബസുകൾ ദേശീയപാത മാവുങ്കാൽ ജില്ല ആശുപത്രി അലാമിപ്പള്ളി വഴി വന്നാൽ ജില്ല ആശുപത്രിയിലേക്ക് വരേണ്ട യാത്രക്കാർക്കും ഉപകാരപ്പെടും. പുതിയ സ്റ്റാൻഡ് സജീവമാകാൻ ഈയൊരു തീരുമാനമെടുക്കാൻ തയ്യാറാകണമെന്നും ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.