അഴിമതി നടത്തിയെന്നതിന് തെളിവെവിടെ? ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ഡിവൈ.എസ്.പി
text_fieldsകാഞ്ഞങ്ങാട്: അഴിമതിയാരോപണത്തിൽ തെളിവു നൽകാൻ ഡി.വൈ.എഫ്ഐയെ വെല്ലുവിളിച്ച് സ്റ്റാറ്റസിട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. തന്റെ കുടുംബം എല്ലാതരത്തിലുമുള്ള പാർട്ടി കൂറ് വിടാൻ മാനസികമായി തയാറെടുത്തിരിക്കുന്നെന്നും ഇദ്ദേഹത്തിന്റെ സ്റ്റാറ്റസിൽ പറയുന്നു.
മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട സമരത്തിൽ ഡി.വൈ.എഫ്.ഐ ഉന്നയിച്ച കൈക്കൂലി ആരോപണം തെളിയിക്കാനാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടത്. തന്റെ തീവ്രവാദബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ ആവശ്യം.
മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തി പരിക്കേൽപിക്കുകയും വേണ്ടിവന്നാൽ ഇനിയും തല്ലുമെന്ന ഡിവൈ.എസ്.പിയുടെ നിലപാടിൽ രോഷം പൂണ്ടാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഡിവൈ.എസ്.പിക്ക് കടുത്ത പ്രയോഗങ്ങൾ നടത്തിയത്. ആശുപത്രി മാനേജ്മെന്റിൽനിന്നും നക്കാപ്പിച്ച വാങ്ങിയാണ് സമരക്കാരെ എതിരിടുന്നതെന്നും പറഞ്ഞിരുന്നു.
ആരോപണങ്ങളുടെ സത്യാവസ്ഥ തനിക്ക് ഈലോകത്ത് ഏറ്റവും ചുരുങ്ങിയത് മൂന്നുപേരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഡിവൈ.എസ്.പി സ്റ്റാറ്റസിൽ പറയുന്നു.
ആരോപണങ്ങളുന്നയിച്ചവർ തെളിവ് തരണം. അതിന് 11.01.2025വരെ സമയം തന്നിരിക്കുന്നു. അതുണ്ടായില്ലെങ്കിൽ 12.01.2025ന് എന്റെ ചില വിശ്വാസങ്ങൾ, ചിന്തകൾ, അനുഭാവങ്ങൾ, സഹകരണങ്ങൾ, ബന്ധങ്ങൾ എല്ലാം ഞാൻ എന്നന്നേക്കുമായി പെരുവഴിയിൽ ഉപേക്ഷിക്കും, തന്നെ മർദകൻ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാൻ സഹിക്കും. പക്ഷേ, മേൽപറഞ്ഞ ആരോപണങ്ങൾ ഞാൻ സഹിക്കില്ല.
തന്റെ കുടുംബം എല്ലാതരത്തിലുമുള്ള പാർട്ടി കൂറ് വിടാൻ മാനസികമായി തയാറെടുത്തിരിക്കുന്നു. ഇതൊരു വിഷമം പിടിച്ച തീരുമാനമാണ് എന്നറിയാം. പക്ഷേ, മാറ്റമുണ്ടാവില്ല. ആ നേതാക്കൾ ഉതിർത്തിട്ട വാക്കുകൾ എന്നെ കീറിമുറിച്ചിരിക്കുന്നു. ‘അച്ഛാ...അവർ പറയുന്നത് ശരിയാണോ’ എന്ന നിഷ്കളങ്കമായ ഒരു ചോദ്യത്തിന്റെ മുനയേറ്റ് എന്റെ ഉള്ളിലുള്ളൊരാൾ പിടഞ്ഞുവീണിരിക്കുന്നു... വിശാലമായ പുരോഗമനചിന്താഗതി ഇവിടെ ഞാൻ മടക്കിവെക്കുകയാണെന്നും സന്ദേശത്തിൽ പറയുന്നു.
അപകീർത്തിയുണ്ടാക്കിയ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ബാബു പെരിങ്ങേത്ത് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സൂചനയുണ്ട്. ചില നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.