കാഞ്ഞങ്ങാട് മണ്ഡലം ആരെ തുണക്കും? പോളിങ് കുറഞ്ഞതിൽ മുന്നണികളിൽ ആശങ്ക
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം ആരെ തുണക്കും. വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് ആരെ ബാധിക്കുമെന്നതടക്കമുള്ള കൂട്ടലിലും കിഴിക്കലിലുമാണ് സ്ഥാനാർഥികൾ.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 27,000ത്തിൽ പരമെന്ന ഭൂരിഭക്ഷത്തിലേക്ക് എത്തില്ലെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ അഞ്ചു മടങ്ങെങ്കിലും ലഭിക്കുമെന്നാണ് ഇടത് പ്രതീക്ഷ. രണ്ടായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ 2019ൽ ഇടതുമുന്നണിക്ക് നേടാനായത്.
യു.ഡി.എഫ് തരംഗം വിവിധ കാരണങ്ങളാൽ ആഞ്ഞുവീശിയ 2019ലും ഇടതിനൊപ്പംനിന്ന കാഞ്ഞങ്ങാട് മണ്ഡലം ഇത്തവണ എം.വി. ബാലകൃഷ്ണന് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നാണ് ഇടത് പ്രതീക്ഷ. മണ്ഡലത്തിൽ മൊത്തത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇത് ബാധിക്കില്ലെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം കാഞ്ഞങ്ങാട് മണ്ഡലത്തിലും ഗുണംചെയ്യും.
പാർട്ടി കേന്ദ്രങ്ങളിലെ പോളിങ്ങിൽ ഗണ്യമായ കുറവില്ലാത്തതും ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നിയമസഭ മണ്ഡലവും ഏക നഗരസഭയും മറ്റ് അഞ്ചു പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങൾക്കൊപ്പമാണെന്ന ആത്മവിശ്വാസവുമുണ്ട്.
മുസ് ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ കൂടുതൽപേർ ഇടതുപക്ഷത്തിന് വിധിയെഴുതിയിട്ടുണ്ടാകുമെന്ന നിഗമനം ഇടത് മുന്നണിക്കുണ്ട്. അഞ്ചുവർഷം കൊണ്ട് ജില്ലയുടെ മനസ്സ് കീഴടക്കിയ രാജ്മോഹൻ ഉണ്ണിത്താനെന്ന എം.പിയുടെ മികവും കേന്ദ്രത്തിൽ ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിലെത്തണമെന്ന തീരുമാനവും മണ്ഡലത്തിലെ വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
മുസ് ലിം, ക്രിസ്ത്യൻ വോട്ടുകളിൽ ഇക്കുറിയും ഭൂരിഭാഗവും തങ്ങളെ പിന്തുണക്കുമെന്നുതന്നെയാണ് കോൺഗ്രസിന്റെ മനസ്സ് പറയുന്നത്. കോൺഗ്രസ് ശക്തികേന്ദ്രമായ മലയോര മേഖലയിലെയും മുസ് ലിം ലീഗ് സ്വാധീനമേഖലയായ തീരദേശത്തെയും വോട്ടുകൾ കൊണ്ട് ഇടതുപക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയ രണ്ടായിരമെന്ന ഭൂരിപക്ഷത്തെ മറികടക്കാനാവും.
സി.പി.എം കേന്ദ്രമായ മടിക്കൈ പോലുള്ള സ്ഥലങ്ങളിൽനിന്ന് കൂടുതൽപേർ ഉണ്ണിത്താന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടാവുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഉണ്ണിത്താന്റെ മികവും രാത്രി ഏറെ വൈകിയിട്ടും മുസ് ലിം സ്ത്രീകളടക്കം ക്യൂനിന്ന് വോട്ട് ചെയ്തതും ഉണ്ണിത്താന് പ്രതീക്ഷയേകുന്നു. എൻ.ഡി.എ ആകട്ടെ കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ട് വർധിക്കുമെന്ന പ്രതീക്ഷയിലാണ്. മറ്റ് സ്ഥാനാർഥികളെ അപേക്ഷിച്ച് പ്രചാരണത്തിൽ മുന്നേറാനായിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.