രാത്രി വ്യാപക റെയിഡ്; ലഹരി ഉപയോഗിക്കവെ നിരവധി പേർ കുടുങ്ങി
text_fieldsകാഞ്ഞങ്ങാട്: മയക്കുമരുന്നിനത്തിൽപെട്ട എം.ഡി.എം.എയും കഞ്ചാവും ഉപയോഗിക്കുന്നതിനിടെ നിരവധി യുവാക്കളെ പൊലീസ് പിടികൂടി.
ഞായറാഴ്ച പുലർച്ചെയും ശനിയാഴ്ച അർധരാത്രിയുമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കൗമാരക്കാർ ഉൾപ്പെടെ നിരവധിപേർ പിടിയിലായത്. രാത്രി സമയങ്ങളിൽ വീടുവിട്ടെത്തുന്ന കൗമാരക്കാർ വ്യാപകമായി കഞ്ചാവ് ബീഡിയും എം.ഡി.എം.എ ഗ്ലാസ് ട്യൂബിലാക്കി കത്തിച്ചും വലിക്കുന്നുവെന്ന വിവരത്തിെന്റ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
പാതിരാത്രി സമയത്ത് കടകളുടെ പിന്നിലും മാർക്കറ്റുകളിലും പുഴയോരങ്ങളിലും ലഹരി നുരയാനെത്തിയവരാണ് കൂട്ടത്തോടെ പിടിയിലായത്. പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽനിന്നും മറ്റ് സാമൂഹിക വിരുദ്ധ പ്രവൃർത്തിയിലേർപ്പെട്ടവരും പിടിയിലായി. ഒറ്റ നമ്പർ ചൂതാട്ടക്കാരും മദ്യപിക്കുകയായിരുന്ന നിരവധി പേരും പൊലീസ് വലയിലായി. ചിലരെ സംശയ സാഹചര്യത്തിലും കസ്റ്റഡിയിലെടുത്തു.
പാലക്കുന്ന് മത്സ്യമാർക്കറ്റ് സമീപത്തുനിന്നും അഞ്ചോളംപേരെ കഞ്ചാവ്, എം.ഡി.എം.എ ഉപയോഗത്തിനിടെ ബേക്കൽ പൊലീസും ഉദുമ ടൗണിന് സമീപത്തുനിന്നും നീലേശ്വരം മത്സ്യമാർക്കറ്റിനു സമീപത്തുനിന്നും കഞ്ചാവ് ബീഡി ഉപയോഗിക്കുന്നവരെ നീലേശ്വരം പൊലീസും കയ്യോടെ പിടികൂടി.
ഹോസ്ദുർഗ് പൊലീസ് മൂന്നുപേരെയും കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും കോട്ടച്ചേരിയിൽനിന്നും രണ്ടുപേരെയും പിടികൂടി. എം.ഡി.എം.എ ഗ്ലാസ് ട്യൂബിൽ കത്തിച്ച് ഉപയോഗിക്കുകയായിരുന്ന ഒരാളെ പടന്നക്കാട് നിന്നും ചന്തേര, ബേഡകം പൊലീസും കഞ്ചാവ് ഉപയോഗിക്കുകയായിരുന്നവരെയും പിടികൂടി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഉപയോഗിച്ചതിന്റെ ബാക്കി വന്ന ലഹരിവസ്തുക്കൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജപുരം, വെള്ളരിക്കുണ്ട് , അമ്പലത്തറ, ചിറ്റാരിക്കാൽ പൊലീസും വിവിധ സാമൂഹ്യവിരുദ്ധ പ്രവൃത്തിയിലേർപ്പെട്ടവരെ കണ്ടെത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.