ഇറച്ചിയാക്കി വിറ്റ മലമാൻ ഗർഭിണി; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
text_fieldsകുഞ്ഞിരാമൻ
കാഞ്ഞങ്ങാട്: കൊന്നക്കാട് മഞ്ചുചാലിൽ പ്രതികൾ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ മലമാൻ പൂർണ ഗർഭിണിയെന്ന് റിപ്പോർട്ട്. വനപാലകരെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ മൂന്നാം പ്രതി കാവേരി കുഞ്ഞിരാമനെ വനപാലകർ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി. കുഞ്ഞിരാമനെ ചോദ്യം ചെയ്തതോടെയാണ് മാൻ ഗർഭിണിയായിരുന്നുവെന്ന വിവരം പുറത്തുവന്നത്.
ഗർഭിണിയാണെന്നറിഞ്ഞുകൊണ്ടുതന്നെ മലമാനെ കൊന്ന് ഇറച്ചിയാക്കിയെന്ന് വ്യക്തമായതായി വനപാലകർ അറിയിച്ചു. വയറ്റിലുണ്ടായിരുന്ന കുട്ടിയെയും മറ്റ് അവശിഷ്ടങ്ങളും തെളിവുകൾ പുറത്ത് വരാതിരിക്കാൻ കക്കൂസ് കുഴിയിൽ ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാഹുലിന്റെയും ഭീമനടി സെക്ഷൻ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.
കേസിൽ നിരവധി പ്രതികളെ പിടികൂടാനുണ്ടെന്നും മാഫിയ സംഘം കൊന്നക്കാട് കേന്ദ്രമായി വന്യമൃഗ ഇറച്ചി വിൽപനക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.