പാണത്തൂർ പരിയാരത്തും റാണിപുരത്തും കാട്ടാനക്കൂട്ടമിറങ്ങി
text_fieldsകാഞ്ഞങ്ങാട്: പാണത്തൂർ പരിയാരം പ്രദേശങ്ങളിലും ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തും കാട്ടാന ക്കൂട്ടമിറങ്ങി. കഴിഞ്ഞദിവസം രാത്രിയിലും പകലിലുമായാണ് ആനകൾ ഇറങ്ങിയത്. പരിയാരത്ത് ആറോളം കാട്ടാനകളാണ് എത്തിയത്. ഇവിടെ മൂന്ന് കർഷകരുടെ കൃഷി നശിപ്പിച്ചു. നിരവധി കവുങ്ങും തെങ്ങും ഇതിൽപ്പെടും. പരിയാരത്ത് രാത്രിയിലാണ് ആനകൾ ഇറങ്ങിയത്. ജനവാസ കേന്ദ്രത്തിനടുത്തുവരെ ആനയെത്തി ‘ഈ പ്രദേശത്ത് പ്ലാന്റേഷൻ കോർപറേഷന്റെ കശുവണ്ടിത്തോട്ടത്തിൽ ആനകൾ ഇറങ്ങാറുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ എത്താറില്ല.
തൊട്ടടുത്ത് കർണാടക വന മേഖലയാണ്. ഈ വനത്തിൽനിന്നാണ് ആനകൾ പരിയാരത്തെത്തിയത്. മുൻവർഷങ്ങളിൽ പ്ലാന്റേഷനുകളിൽ എത്തിയിരുന്നു.എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി പ്ലാന്റേഷനുകളിൽ ആനകളെ കാണാറില്ല. ജനവാസ കേന്ദ്രത്തിനടുത്ത് ആനക്കൂട്ടം എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രിയിൽതന്നെ ആനക്കൂട്ടം കാടുകയറിയതിനാൽ ഇവയെ കണ്ടെത്താനായിട്ടില്ലെന്ന് വനപാലകർ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റാണിപുരത്ത് രാത്രിയിലും പകലും ആനകളിറങ്ങി. വിനോദസഞ്ചാരികൾ കൂട്ടമായി എത്തുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്.ഏറെ നേരത്തിനുശേഷം ഇവ രാത്രിയിൽ തന്നെ കാടുകയറി. കഴിഞ്ഞ ദിവസം രാവിലെ റാണിപുരം റോഡിൽ കാട്ടാനയെ കണ്ടു. വിനോദസഞ്ചാരികൾ എത്തുന്ന റാണിപുരം പ്രധാന റോഡിലാണ് പകൽ നേരത്ത് ഒരു കാട്ടാനയെ കണ്ടത്. ഈ പ്രദേശത്തും കാട്ടാനകളെ കാണുന്നത് വിനോദസഞ്ചാരികളെയും ഭീതിയിലാക്കിയിട്ടുണ്ട്. ഇവിടെ വനപാലകർ നിരീക്ഷണം ശക്തമാക്കി. റാണിപുരം ഉൾഭാഗങ്ങളിൽ കാട്ടാനയെ കാണാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.