ഗതാഗതക്കുരുക്കിന് ആശ്വാസമാവുമോ?
text_fieldsകാഞ്ഞങ്ങാട്: നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് അൽപമെങ്കിലും ആശ്വാസമായി ഒരിടത്തുകൂടി യൂടേൺ. കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് കഴിഞ്ഞ് പഴയ കൈലാസ് തിയറ്റർ സമീപത്തായാണ് സ്ഥാപിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഗതാഗതം പരിഷ്കരിക്കുകയായിരുന്നു.
നിലവിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽനിന്ന് ഒരാൾക്ക് വാഹനം മറികടക്കണമെങ്കിൽ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ടി.ബി റോഡ് ജങ്ഷനിലെത്തി ഇവിടെനിന്ന് ചുറ്റിത്തിരിഞ്ഞു തിരിച്ചെത്തേണ്ടതുണ്ട്. യൂടേൺ നിലവിൽ സ്ഥാപിച്ചതോടെ കൂടുതൽദൂരം സഞ്ചരിക്കേണ്ടതിന് പരിഹാരമായി.
നോർത്ത് കോട്ടച്ചേരി ബാങ്ക് ജങ്ഷൻ മുതൽ ടി.ബി റോഡ് ജങ്ഷൻവരെ രണ്ടര കിലോമീറ്ററോളം റോഡിന്റെ മധ്യത്തിൽ ഡിവൈഡർ സ്ഥാപിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരുവശത്തുനിന്ന് മറ്റൊരു വശത്തേക്ക് വാഹനം മറികടക്കാൻ മൂന്നു കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട ദുരവസ്ഥയുണ്ടായിരുന്നു.
നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകാൻ ഇതിടയാക്കി. ബുദ്ധിമുട്ട് മനസ്സിലാക്കി കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്റെ നിർദേശപ്രകാരം കോട്ടച്ചേരിയിൽ നേരത്തേ യൂടേൺ സ്ഥാപിച്ചിരുന്നു. ഒരു യൂടേൺ കൂടി വന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് യാത്രക്കാർ വിലയിരുത്തുന്നത്.
കെ.എസ്.ടി.പി റോഡ് സ്ഥാപിക്കുമ്പോഴാണ് നഗരത്തെ രണ്ടായി പകുത്ത് റോഡ് മധ്യത്തിലായി മൂന്നു കിലോമീറ്ററോളം ഡിവൈഡറുകൾ സ്ഥാപിച്ചത്. വലിയ എതിർപ്പ് വിളിച്ചുവരുത്തിയിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് ഡിവൈഡർ സ്ഥാപിച്ചത്. ചെറുവാഹനങ്ങൾ അടക്കം വലിയ പ്രയാസം ഇതുമൂലം നേരിട്ടിരുന്നു.
വാഹനങ്ങൾക്ക് കടന്നുപോകാൻ ഡിവൈഡറിൽ പലഭാഗങ്ങളിലും യൂടേൺ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ നാളുകളായുള്ള ആവശ്യമാണ്. കിഴക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തു കൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്കായി രണ്ട് യൂടേൺകൂടി സ്ഥാപിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഒപ്പം ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.