എന്നു തീരും ഈ ദുരിതം?
text_fieldsകാഞ്ഞങ്ങാട്: 'ഈ ദുരിതം എന്ന് തീരും' തീരദേശത്തെ നൂറുകണക്കിന് വരുന്ന നാട്ടുകാർ ചോദിക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാറോളം വരുന്ന വാർഡുകളായ കുശാൽ നഗർ, ഹൊസ്ദുർഗ് കടപ്പുറം, പുഞ്ചാവി, മുറിയനാവി, കല്ലൂരാവി ഒഴിഞ്ഞവളപ്പ്, മരക്കാപ്പ് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കാഞ്ഞങ്ങാട് പട്ടണവുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന ഏക വഴിയാണ് കുശാൽനഗർ റെയിൽവേ ഗേറ്റ്.
വണ്ടികളുടെ വർധന കാരണം കുശാൽനഗർ ഗേറ്റ് മിക്ക സമയങ്ങളിലും അടഞ്ഞുകിടക്കുക പതിവാണ്. ചില സമയത്ത് മൂന്നും നാലും ട്രെയിനുകൾ കടന്നുപോയശേഷം മാത്രമാണ് റെയിൽവേ ഗേറ്റ് തുറക്കുന്നത്. മണിക്കൂറുകളോളം അടഞ്ഞുകിടക്കുന്നതിനാൽ ഗതാഗത തടസ്സവും പതിവാണ്.
2014ൽ മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചെങ്കിലും ഇതുവരെ പാലം യാഥാർഥ്യമാക്കാൻ അധികാരികൾ തയാറായിട്ടില്ല.
നിവേദനങ്ങളും കൂടിക്കാഴ്ചകളും ആക്ഷൻ കമ്മിറ്റി നടത്തിയെങ്കിലും പാലം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുന്നില്ല. കോവിഡിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങിയിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
നൂറുകണക്കിന് സ്കൂൾ കുട്ടികൾ പാളത്തിൽ പലപ്പോഴും മണിക്കൂറുകളോളം കാത്ത് കെട്ടി കഴിയേണ്ട അവസ്ഥയാണ്. സിൽവർ ലൈൻ പദ്ധതി യുടെ പേരിലാണ് മേൽപാലം തുടർ നടപടികൾ നിലച്ചതെന്ന് നാട്ടുകാർ പറഞ്ഞു.തെക്കൻ കേരളത്തിലെ മേൽപാലങ്ങൾക്ക് സിൽവർ ലൈൻ പദ്ധതിയുടെ തടസ്സങ്ങളില്ല.
അവിടത്തെ മേൽപാലങ്ങൾക്ക് റെയിൽവേ അനുമതി നൽകി വരുന്നുണ്ട്. വടക്കൻ കേരളത്തിലെ മേൽപാലത്തോട് അധികാരികൾ കാണിക്കുന്ന ചിറ്റമ്മനയത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി നാട്ടുകാർ അറിയിച്ചു.
ഒക്ടോബർ നാലിനു സർവകക്ഷി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് കുഞ്ഞി. ജനറൽ കൺവീനർ കെ.പി. മോഹനൻ, സന്തോഷ് കുശാൽനഗർ, പി. അബ്ദുൽ സത്താർ, ഹംസ കുശാൽനഗർ, മഹ്‌മൂദ് മുറിയനാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.