യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപകൻ ബാര എരോൽ ജുമാ മസ്ജിദിന് സമീപത്തെ സഫ്വാൻ (29) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനും തെളിവു നശിപ്പിച്ചതിനുമാണ് പ്രതിയെ മേൽപറമ്പ പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 15നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനത്തെ റുബീനയെയും അഞ്ചര വയസ്സുള്ള മകൾ ഹനാന മറിയത്തിനെയും കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരമങ്ങാനത്തെ വീട്ടിൽനിന്ന് പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് യുവതിയുടെ പിതാവ് അബ്ദുൽറഹ്മാൻ മേൽപറമ്പ പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്.
അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പിന്നീട് പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർതൃമതിയായ യുവതി ഒമ്പത് വർഷമായി സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി.
അടുത്തിടെ അധ്യാപകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇത് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
യുവാവിനെതിരെ കേസിലെ തെളിവുകൾ നശിപ്പിച്ചതിന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. മൊഴി എടുക്കുന്നതിനായി ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകനെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. കേസന്വേഷണ സംഘത്തിൽ സി.ഐ ടി. ഉത്തംദാസിനോടൊപ്പം എസ്.ഐ വി.കെ. വിജയൻ, സീനിയർ സിവിൽ പൊലീസുകാരായ പ്രദീപ് കുമാർ, വി. സീമ, പ്രശാന്തിനി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.