പതിവ് അപകട കേന്ദ്രമായി ബസ് സ്റ്റാൻഡിനടുത്തെ സീബ്രാലൈൻ
text_fieldsകാഞ്ഞങ്ങാട്: ബസ് സ്റ്റാൻഡിന് മുൻവശത്തെ കെ.എസ്.ടി.പി റോഡിലെ സീബ്രാ ലൈൻ പതിവ് അപകടകേന്ദ്രമായി മാറി. ജീവൻ പണയപ്പെടുത്തിയുള്ളതാണ് ഇതുവഴിയുള്ള കാൽനട യാത്ര. കഴിഞ്ഞ ദിവസം ലോറിയിടിച്ച് മരിച്ച കോട്ടച്ചേരി പുതിയവളപ്പിലെ പി.വി. ബാബു പതിവ് അപകടത്തിെന്റ ഏറ്റവും ഒടുവിലത്തെ ഇരയാണ്.
സീബ്രാ ലൈനിലൂടെ വാഹനങ്ങളുടെ അമിതവേഗത പലപ്പോഴും അപകടത്തിന് കാരണമാകുന്നു. കെ.എസ്.ടി.പി റോഡിലെ ഡിവൈഡറിലുള്ള തണൽ മരത്തിന്റെ ചില്ലകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതും അപകടം വിളിച്ചു വരുത്തുന്നു. മരച്ചില്ലകൾ മറഞ്ഞ് യാത്രക്കാരെ ഡ്രൈവർമാർക്ക് കാണാൻ കഴിയുന്നില്ല.
രാത്രികാലങ്ങളിലാണ് ഈ പ്രശ്നം ഏറെ ബാധിക്കുന്നത്. സീബ്രാ ലൈനിലിറങ്ങി മധ്യഭാഗത്തെത്തുമ്പോൾ മാത്രമാണ് ഡ്രൈവർമാർക്ക് യാത്രക്കാരെ കാണാൻ കഴിയുക. ഇവിടെയുള്ള ഹൈമാസ്റ്റ് വിളക്ക് കത്താത്തതും പ്രശ്നമുണ്ടാക്കുന്നു.
സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശം ഇരുട്ടിൽ മൂടുന്നത് അപകടത്തിന് വലിയ കാരണമാകുന്നു. സീബ്രാ ലൈനിനോട് ചേർന്ന് റിഫ്ലക്ടറുകൾ തെളിയുന്നില്ല. ഇതും അപകടം വിളിച്ചു വരുത്തുന്നു. സീബ്രാ ലൈനിനടുത്തെത്തുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള വൻകിട വാഹനങ്ങൾ വേഗത കൂട്ടിയാണ് കടന്നുപോകുന്നത്. ഇത് നിയന്ത്രിച്ചാൽ തന്നെ അപകടം ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്നാണ് യാത്രക്കാർ പറയുന്നത്. സന്ധ്യ കഴിഞ്ഞാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് പോലും കൂരിരുട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.