ജനറല്‍ ആശുപത്രി ടോക്കണ്‍ നാളെമുതല്‍ ഓണ്‍ലൈനായി ബുക് ചെയ്യാം
text_fieldsകാസർകോട്: കോവിഡ് കാലത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കുന്നതിനും വെര്‍ച്വല്‍ ക്യൂ മൊബൈല്‍ ആപ് തയാര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിക്കുവേണ്ടി പൊവ്വല്‍ എല്‍.ബി.എസ് എൻജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ജി.എച്ച്.ക്യു എന്നുപേരിട്ട മൊബൈല്‍ ആപ് തയാറാക്കിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ആപ് പുറത്തിറക്കി.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടോക്കണുകള്‍ ഈ മൊബൈല്‍ ആപ് വഴി ജൂണ്‍ 10 മുതല്‍ ലഭിക്കും. എല്ലാദിവസവും രാവിലെ ആറുമുതല്‍ എട്ടുവരെയായിരിക്കും ടോക്കണ്‍ ബുക്കിങ്. ഓണ്‍ലൈനായി ടോക്കണ്‍ ലഭിച്ചവര്‍ക്ക്, അതില്‍ നിര്‍ദേശിച്ച സമയത്ത് ജനറല്‍ ആശുപത്രി കൗണ്ടറിലെത്തി ഒ.പി ടിക്കറ്റ് കൈപ്പറ്റി ഡോക്ടറെ കാണാന്‍ സാധിക്കും.
ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയില്‍ എത്തി ഒ.പി ടിക്കറ്റ് എടുക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് http://tiny.cc/ghque എന്ന ലിങ്ക് വഴി ഈ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പില്‍ മലയാളം, ഇംഗ്ലീഷ്, കന്നട ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാണ്.
എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥികളായ കെ.ബി. അക്ഷയ്, ബോണി ഇമ്മാനുവല്‍, റൊണാള്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. ഫിനാന്‍സ് ഓഫിസര്‍ കെ. സതീശന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. കെ.ബി. പ്രീമ, ഡോ. സുരേഷ്, എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പൽ മുഹമ്മദ് ഷുക്കൂര്‍, അസി. പ്രഫസര്‍ ബി. സ്വരാജ് കുമാര്‍, കോളജ് പി.ടി.എ സെക്രട്ടറി അജയന്‍ പനയാല്‍, കെ.ബി. അക്ഷയ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.