ഡോളിയുടെ പച്ചപ്പിലേക്ക് പുരസ്കാരം
text_fieldsവെള്ളരിക്കുണ്ട്: കൃഷിവകുപ്പിെൻറ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന വിഭാഗത്തിൽ വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വീട്ടമ്മക്ക് സംസ്ഥാന അവാർഡ്. പാത്തിക്കരയിലെ തടത്തിൽ വീട്ടിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫിനാണ് സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചത്. 50,000 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസം 12ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സുനിൽകുമാർ അവാർഡ് സമ്മാനിക്കും. കഴിഞ്ഞ തവണ ജില്ലതലത്തിൽ മികച്ച വനിത പച്ചക്കറി കർഷകക്കുള്ള പുരസ്കാരവും ഇവർക്കായിരുന്നു.
59ാം വയസ്സിലും കൃഷിയിടത്തിൽ സജീവ സാന്നിധ്യമാണ് ഡോളി. ഭർത്താവ് മരിച്ച ശേഷം പാത്തിക്കരയിലെ മലഞ്ചെരുവിൽ ആറേക്കർ ഭൂമിയിൽ ഒറ്റക്ക് മണ്ണിനോട് പൊരുതിയാണ് ഡോളി കൃഷിയിൽ വിജയം കൊയ്യുന്നത്. പയർ, തക്കാളി, ഞരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതിന തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞുകാല വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്.
തെങ്ങിൻ തോപ്പിനിടയിൽ കരനെൽ കൃഷി നടത്തി നൂറുമേനി വിളയിച്ചും തെങ്ങിന് തടമെടുക്കലും തേങ്ങയിടലും ടാപ്പിങ്ങും കറവയും കിളക്കലും കുഴിയെടുക്കലും തുടങ്ങി കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും സ്വന്തമായാണ് ചെയ്യുന്നത്. തുടർച്ചയായി മൂന്നുതവണ ബളാൽ പഞ്ചായത്തിലെ മികച്ച കർഷകയായി ഡോളി ജോസഫിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.