ഭെൽ - ഇ.എം.എൽ ജീവനക്കാരുടെ സമരത്തിന് നാളെ നൂറാം ദിവസം
text_fieldsകാസർകോട്: ഭെൽ-ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടക്കുന്ന സമരത്തിന് ഏപ്രിൽ 21ന് നൂറുദിവസം തികയും. കഴിഞ്ഞവർഷം മാർച്ച് 20ന് അടച്ചിട്ട കമ്പനി തുറക്കാത്തതിലും ജീവനക്കാരെ പട്ടിണിക്കിട്ടതിലും പ്രതിഷേധിച്ചാണ് സമരം. ഭെൽ ഏറ്റെടുത്ത 51 ശതമാനം ഒാഹരി തിരിച്ചുനൽകി കമ്പനിയെ രക്ഷിക്കാൻ കൂടിയാണ് ജീവനക്കാരുടെ സംഘടനകൾ തെരുവിലിറങ്ങിയത്.
ഭെൽ ഏറ്റെടുക്കുന്നതോടെ കമ്പനിക്ക് നല്ല നാളുകൾ വരുമെന്ന് പ്രതീക്ഷിച്ച ജീവനക്കാർ വഞ്ചിക്കപ്പെട്ടതായി സമരക്കാർ പറഞ്ഞു. ലോക്ഡൗൺ മറവിൽ കഴിഞ്ഞവർഷം കമ്പനി അടച്ചിട്ടതോടെ 180 ജീവനക്കാരാണ് പട്ടിണിയിലായത്. ഏറ്റെടുത്ത 51 ശതമാനം ഓഹരി തിരിച്ചുതരാമെന്ന കരാറും ലംഘിക്കപ്പെട്ടതോടെ കമ്പനി എന്നെന്നേക്കുമായി അടച്ചിടുകയായിരുന്നു.
നീതിതേടി കോടതി കയറിയിറങ്ങുകയാണ് ജീവനക്കാർ. തിങ്കളാഴ്ച നടന്ന സത്യഗ്രഹ സമരത്തിൽ സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് (എസ്.ടി.യു), ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി എ. വാസുദേവൻ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ. ഭാസ്കരൻ, പ്രദീപൻ പനയൻ, ബി.എസ്. അബ്ദുല്ല, ടി.വി. ബേബി, അനിൽ പണിക്കർ, സി. ബാലകൃഷ്ണൻ, എ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.