കേന്ദ്ര സര്‍വകലാശാലയില്‍ സ്വതന്ത്ര വൈറോളജി ലാബ്; ധാരണപത്രം ഒപ്പുവെച്ചു
text_fieldsകാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്വതന്ത്ര കോവിഡ് പരിശോധന ലാബ് സ്ഥാപിക്കുന്നതിനായി സര്‍വകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണപത്രം ഒപ്പുവെച്ചു. ഭാവിയില്‍ കാസര്‍കോട് ജില്ലയിലെ അതിനൂതന വൈറസ് ഗവേഷണ-രോഗനിര്‍ണയ ലാബായി വികസിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്. നിലവില്‍ ജില്ലയുടെ കോവിഡ് പരിശോധനാ ലാബ് സ്ഥിതിചെയ്യുന്നത് സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിെൻറ ലാബിലാണ്. ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍മാര്‍ക്ക് പുറമെ സര്‍വകലാശാല ഫാക്കല്‍റ്റി അംഗങ്ങളുടെയും വകുപ്പിലെ മുതിര്‍ന്ന ഗവേഷണ വിദഗ്ധരുടെയും പിന്തുണയോടെയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്.
സ്വതന്ത്ര ലാബിന് പ്രത്യേക കെട്ടിടം
കാസർകോട്: പുതുതായി സ്ഥാപിക്കുന്ന ലാബ് കാമ്പസിനകത്ത് പ്രത്യേക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ കെട്ടിടം കാമ്പസിലെ പ്രധാന അക്കാദമിക് സമുച്ചയത്തില്‍നിന്ന് വളരെ അകലെയായതിനാല്‍ വിദ്യാർഥികളുടെയും യൂനിവേഴ്സിറ്റി ജീവനക്കാരുടെയും ആശങ്കയില്ലാതാക്കുമെന്ന് കോവിഡ് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാര്‍ ബയോളജി വകുപ്പ് മേധാവി ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എം.എസ്.സി, പിഎച്ച്.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പഠനവും ഗവേഷണവും തുടരേണ്ടതുണ്ട്. സര്‍വകലാശാലയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ഇത് വിദ്യാർഥികള്‍ക്ക് വളരെ ആശ്വാസമാവും. ആരോഗ്യവകുപ്പിെൻറ പിന്തുണയോടെ സ്വതന്ത്ര ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുമ്പോള്‍ വൈറസ് അധിഷ്ഠിത രോഗങ്ങള്‍ പരിശോധിക്കാനും ഗവേഷണം നടത്താനും സാധിക്കും.
കാസർകോട്: നിലവില്‍ സര്‍വകലാശാല ലാബില്‍ 20,000 ത്തിലധികം ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധന സൗകര്യമൊരുക്കുന്നതിലൂടെ ജില്ലക്കും സംസ്ഥാനത്തിനും വളരെയധികം പിന്തുണയാണ് ലഭിക്കുന്നത്.സര്‍വകലാശാല ഹോസ്റ്റലുകള്‍ കോവിഡ് രോഗികളുടെ ക്വാറൻറീന്‍ കേന്ദ്രമായി പരിവര്‍ത്തനം ചെയ്തതും ജില്ലക്ക് ആശ്വാസമായിട്ടുണ്ട്. ധാരണപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദ്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ഡോ. രാമന്‍ സ്വാതി വാമന്‍, ഡോ. രാധാകൃഷ്ണന്‍ നായര്‍, ഡോ. പ്രസന്ന കുമാര്‍, ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. രാജേന്ദ്ര പിലങ്കട്ട, ഡോ. വി.ബി. സമീര്‍ കുമാര്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.