ജലനിധി പമ്പ്ഹൗസ് പുഴയിലേക്കു പതിച്ചു
text_fieldsകാഞ്ഞങ്ങാട്: കനത്ത മഴയിൽ പമ്പ്ഹൗസ് തകർന്ന് പുഴയിലേക്കു പതിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ ജലനിധി പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന താന്നിയടി വാവടുക്കം പുഴക്കരയിൽ സ്ഥിതിചെയ്യുന്ന പമ്പ്ഹൗസാണ് തകർന്നത്. ശനിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം.
സമീപത്തുണ്ടായിരുന്ന വൈദ്യുതിതൂണും തകർന്നിട്ടുണ്ട്. ഈ പദ്ധതിക്കു കീഴിൽ 1600ഓളം കണക്ഷനുകളുണ്ട്. മഴക്കാലത്തുപോലും 500ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കൾ നൽകുന്ന വരിസംഖ്യകൊണ്ടാണ് ജലനിധി പദ്ധതിയുടെ നടത്തിപ്പും ജീവനക്കാരുടെ ശമ്പളവും നൽകുന്നത്.
ഒരു കോടിയോളം രൂപ ചെലവുവരുന്ന പമ്പ്ഹൗസിെൻറ പുനർനിർമാണത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നും പദ്ധതിയുടെ പ്രവർത്തനം എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിലും ജനങ്ങൾ ആശങ്കയിലാണ്.
പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദൻ, വാർഡ് മെംബർ ആർ. രതീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അടിയന്തരമായി ബദൽ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് സി.കെ. അരവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.