കോൺഗ്രസിലും 'മലബാർ ലോബി'യായി
text_fieldsകാസർകോട്: സി.പി.എമ്മിൽ പിണറായി, കോടിയേരി യുഗം ആരംഭിച്ചപ്പോൾ ഉയർന്ന കണ്ണൂർ ലോബി എന്ന ആക്ഷേപം ഇനി കോൺഗ്രസിനുമാകാം. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് കെ. സുധാകരൻ എം.പി വന്നതോടെ മാത്രമല്ല, കെ. കരുണാകരനുശേഷം അകറ്റി നിർത്തപ്പെട്ട കെ. മുരളീധരനും പുനരുജ്ജീവനത്തിെൻറ വഴിയിലായി. തോൽക്കുന്ന സീറ്റുകളിൽ മാത്രം മത്സരിച്ച് മടുത്ത രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ടുനിന്നും എം.പിയായതോടെ ഈ ലോബിയുടെ കരുത്തു വർധിച്ചു. സി.പി.എമ്മിെൻറ എക്കാലത്തെയും തട്ടകം തകർത്ത ഉണ്ണിത്താന് ലഭിച്ച പരിവേഷം സുധാകരന് കൂട്ടായി. രാഹുൽ ഗാന്ധിയുടെ പാർലമെൻറ് തട്ടകമായ വയനാട് മലബാറിലായതും പിൻബലം ശക്തമാക്കി. ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിച്ച ഹൈകമാൻഡിൽ നിർണായക സ്ഥാനം വഹിച്ച രാഹുലിെൻറ വലംകൈ കെ.സി. വേണുഗോപാലും കൂടിയായതോടെ തിരുവിതാംകൂർ ആധിപത്യം ദുർബലമായി കോൺഗ്രസിൽ മലബാർ ആധിപത്യം ശക്തമായി.
തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ കോൺഗ്രസിനകത്ത് ഈ രണ്ടു െതരഞ്ഞെടുപ്പുകൾക്കും മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാന ഘടകമായത്. 'ഒരു പാർട്ടിപോലെ പ്രവർത്തിച്ച എ ഗ്രൂപ്പിെൻറ എം.എൽ.എമാരെയും എം.പിമാരെയും തൊട്ടുകാണിക്കാമെങ്കിലും പലവിധ പേരുകളിൽ അറിയപ്പെടുന്ന ഐ വിഭാഗം ഗ്രൂപ്പിനതീതം എന്ന ആശയം ഹൈകമാൻഡിനു മുന്നിൽവെച്ചതോടെ എ യുടെ ആധിപത്യം ഇല്ലാതാവുകയായിരുന്നു'വെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് 'മാധ്യമ'ത്തോട് പ്രതികരിച്ചു.
കെ. സുധാകരൻ, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിങ്ങനെ പ്രമുഖരായ പഴയ ഐ നേതാക്കളുടെ പാർലെമൻറ് ബന്ധങ്ങളും അതുവഴിയുണ്ടായ ഹൈകമാൻഡ് ബന്ധവും പുതിയ മാറ്റത്തിന് നിർണായകമായി. നീരസം ഉള്ളിലൊതുക്കിയ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിന് എതിരാണ്. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങി ഗ്രൂപ്പില്ലാത്ത എം.പിമാരും ഫലത്തിൽ കെ.സുധാകരെൻറയും വി.ഡി. സതീശെൻറയും ആശയത്തിനു കരുത്താവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.