നഗരസഭ ബഡ്സ് സ്കൂൾ ഹൈടെക്കായി
text_fieldsനീലേശ്വരം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ചിറപുറത്ത് സ്ഥാപിച്ച നഗരസഭ ബഡ്സ് സ്കൂൾ ഹൈടെക്കായി. 2011ൽ ആരംഭിച്ചപ്പോൾ 26 കുട്ടികളിൽനിന്ന് നിലവിൽ ഇപ്പോൾ 48 കുട്ടികൾ പഠിക്കുന്നുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി നഗരസഭ ബസ് അനുവദിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനം കൂടി നൽകിവരുന്നു. ഇതിനായി റിഹാബിലിറ്റേഷൻ സെൻറർ ആരംഭിക്കുകയും 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു. കുട്ടികളുടെ കലാപരവും കായികവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി അപരിമേയം ഭിന്നശേഷി കലോത്സവങ്ങൾ സംഘടിപ്പിച്ചു. വർഷത്തിൽ രണ്ടുതവണ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.
സ്നേഹത്തണൽ എന്ന പേരിൽ കുട്ടികളുടെ അമ്മമാർക്കുവേണ്ടി തൊഴിൽ പരിശീലനവും ഉൽപന്ന വിപണനവും നടത്തുന്ന പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇതിനുവേണ്ടി ഏഴുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. കുട നിർമാണം, തുണിസഞ്ചി, പേപ്പർപേന എന്നീ ഉൽപന്നങ്ങൾ ഇവിടെ നിന്ന് ഉൽപാദിപ്പിച്ച് വിതരണം നടത്തിവരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകളിലേക്ക് വരാൻ കഴിയാത്ത കുട്ടികൾക്കുവേണ്ടി നീലേശ്വരം നഗരസഭയും കുടുംബശ്രീ മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.