പണം മുടക്കിയാൽ കോവിഡില്ലാ സർട്ടിഫിക്കറ്റും യഥേഷ്ടം
text_fieldsകാസർകോട്: അതിർത്തി കടക്കാൻ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ കോവിഡില്ലാ സർട്ടിഫിക്കറ്റിലും വ്യാജൻമാർ യഥേഷ്ടം. വാട്സ്ആപ് വഴി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സംഘം അതിർത്തി കേന്ദ്രീകരിച്ച് സജീവമായി. 250 മുതൽ ആയിരം രൂപവരെയാണ് വ്യാജ സർട്ടിഫിക്കറ്റിന് തട്ടിപ്പുകാർ ഈടാക്കുന്നത്.
അത്യാവശ്യയാത്രകൾക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് സൂചന. കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവരെപ്പോലും കടത്തിവിടാത്തതിനാലാണ് ആളുകൾ വ്യാജനു പിന്നാലെ പോവുന്നത്.
അസ്സൽ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം വരുത്തിയുള്ള തട്ടിപ്പാണ് കൂടുതലും. സർട്ടിഫിക്കറ്റുകളിലെ പേര്, തീയതി എന്നിവ കമ്പ്യൂട്ടർ സഹായത്തിൽ തിരുത്തുകയാണ് ഇവർ. 72 മണിക്കൂർ മുെമ്പടുത്ത് എടുത്ത ടെസ്റ്റ് ആണോ എന്ന് പരിശോധിക്കുന്നവർക്ക് ഇത് മതിയാകും. മംഗളൂരു ആസ്ഥാനമായി ചില കേന്ദ്രങ്ങൾ വ്യാജസർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകുന്നുണ്ട്. വ്യക്തിയുടെ സാമ്പിളൊന്നും ശേഖരിക്കാതെ വാട്സ്ആപ് 'അപേക്ഷിച്ചാൽ' ഇത് ലഭ്യമാണ്. കൃത്രിമം ശ്രദ്ധയിൽപ്പെട്ടതോടെ സർട്ടിഫിക്കറ്റുകളിലെ ബാർകോഡ് സ്കാൻ ചെയ്തുള്ള പരിശോധനയും തുടങ്ങിയിട്ടുണ്ട്. ആധാർ നമ്പർ ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ ബാർകോഡ് വഴി തിരിച്ചറിയാൻ കഴിയും.അതിർത്തി കടക്കാൻ കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ട് ആഴ്ചകൾ പിന്നിട്ടും കാസർകോട് ഉൾപ്പടെയുള്ള ജില്ലകളിൽ ഇത്തരമൊരാവശ്യവുമായി ആർ.ടി.പി.സി.ആർ പരിശോധനക്ക് വരുന്നവർ വളരെ കുറവാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യത്തിനായി ആരും പരിശോധനക്ക് എത്തുന്നില്ലെന്ന് രാജ്യത്തെ മുൻനിര ലാബുകളിലൊന്നായ ഡി.ഡി.ആർ.സി അധികൃതരും വ്യക്തമാക്കി.
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്: ഏഴുപേർ പിടിയിൽ
മംഗളൂരു: കോവിഡ് ഇല്ലെന്ന് തെളിയിക്കുന്നതിന് വ്യാജ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായെത്തിയ ഏഴുപേർ തലപ്പാടി ചെക്പോസ്റ്റിൽ പിടിയിൽ. നാല് കേസുകളിലായി മുഹമ്മദ് ഷെരീഫ് (34), അബൂബക്കർ (28), അബ്ദുൽ തമീം (19), ഇസ്മായിൽ (48), ഹാദിൽ (25), എ.എം. കബീർ (24), ഹസിൻ (31) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജമായി ഉണ്ടാക്കാൻ സഹായിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തെന്നും വിഷയം കാസർകോട് ജില്ല ഭരണകൂടത്തിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും മംഗളൂരു പൊലീസ് കമീഷണർ എൻ. ശശികുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.