നിരീക്ഷണമില്ല; അപകടമരണങ്ങൾ ബീച്ചിൽ തുടർക്കഥയാകുന്നു
text_fieldsകാസർകോട്: കടലിലിറങ്ങിയുള്ള കുളിയിൽ ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് ബംഗളൂരുവിൽനിന്ന് മൊഗ്രാൽ ബീച്ചിലെത്തിയ വിനോദസഞ്ചാരികൾ കരുതിക്കാണില്ല. കുടുംബസമേതമെത്തിയ ഇവരിൽ ബംഗളൂരു ജയനഗർ സ്വദേശി മീർ മുഹമ്മദ് ഷാഫിയാണ് കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട് മരിച്ചത്. മൊഗ്രാൽ തീരത്തെ മൂന്നാമത്തെ മരണമാണിത്. ഖലീൽ കൊപ്പളം, അർഷാദ് പെർവാഡ് എന്നിവരാണ് നേരത്തെ മരിച്ച യുവാക്കൾ.
ഓരോ മരണവും കുടുംബത്തിനുണ്ടാക്കുന്ന മുറിവ് ചെറുതല്ല. കടലിൽ വീണ ഫുട്ബാൾ എടുക്കാൻ ഇറങ്ങിയ ഖലീലിന്റെയും മത്സ്യബന്ധനത്തിന് വലയിടാൻ കടലിലിറങ്ങിയ അർഷാദിന്റെയും മൃതദേഹമാണ് അന്ന് മക്കളെ കാത്തിരുന്ന വീട്ടുകാർക്ക് ലഭിച്ചത്. ആ ദുഖത്തിൽനിന്ന് നാടും നാട്ടുകാരും കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല.
രണ്ട് കുടുംബങ്ങളുടെ അത്താണിയായിരുന്നു ഈ യുവാക്കൾ. അതിനിടയിലാണ് കഴിഞ്ഞദിവസം ബംഗളൂരു സ്വദേശിയുടെ മരണം. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും കടലിൽ കളിക്കാനും കുളിക്കാനുമിറങ്ങുന്ന വിദ്യാർഥികൾ അടക്കമുള്ള യുവാക്കൾക്ക് ഒരു കുറവുമില്ല എന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്.
സ്കൂൾ, കോളജുകൾ വിട്ടാൽ ബൈക്കുകളിലും കാറുകളിലുമായി വിദ്യാർഥികൾ നേരെവരുന്നത് കടപ്പുറത്തേക്കാണ്.അതും യൂനിഫോമിൽതന്നെ. ഒരു സുരക്ഷാസംവിധാനവുമില്ലാതെയുള്ള കടലിലിറങ്ങിയുള്ള കുളി പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് പുറമെ കുടുംബസമേതമെത്തുന്ന കുട്ടികൾവരെ കടലിലിറങ്ങി കുളിക്കുകയും കളിക്കുകയും ചെയ്യുന്നു.
തിരമാലകൾക്കിടയിൽ വലിയ ചതിക്കുഴികളുള്ള കാര്യം ഇവരൊന്നും അറിയുന്നുമില്ല. അതുപോലെതന്നെയാണ് അതിഥിത്തൊഴിലാളികളും കടലിലിറങ്ങി കുളിക്കുന്നത്.
ഇവർക്ക് പലർക്കും നീന്താൻപോലും അറിയാത്തവരാണ്. തീരദേശവാസികൾതന്നെയാണ് അപകടാവസ്ഥ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് ഇത്തരമാളുകളെ കടലിലിറങ്ങി കുളിക്കുന്നതിനെ പിന്തിരിപ്പിക്കുന്നത്.വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും അസ്തമയം കാണാനും തീരത്തെ സൗന്ദര്യമാസ്വദിക്കാനും നൂറുകണക്കിനാളുകളാണ് കുടുംബസമേതവും അല്ലാതെയും തീരത്തെത്തുന്നത്. ഇവർക്കൊപ്പം കുട്ടികളുമുണ്ടാകും.
കടപ്പുറത്ത് വൈകുന്നേരങ്ങളിൽ ഫുട്ബാൾ കളിക്കാനെത്തുന്ന യുവാക്കളും ഏറെയാണ്. കടലിലിറങ്ങിയുള്ള കുളിയും കളിയും തടയാൻ തീരേദേശ പൊലീസ് നിരീക്ഷണം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് ജില്ലയിലെ തീരദേശ പൊലീസ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.