സാമൂഹികവിരുദ്ധർ അഴിഞ്ഞാടി; പച്ചക്കറി കൃഷിയും പൂച്ചെടികളും നശിപ്പിച്ചു
text_fieldsകുമ്പള: പേരാൽ ഗവ. ജൂനിയർ ബേസിക് സ്കൂളിൽ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രിയുടെ മറവിലും വെളുപ്പിനും സ്കൂളിലെത്തുന്ന സാമൂഹികവിരുദ്ധർ സ്കൂളിലെ പൂച്ചെടികളും നട്ടുവളർത്തിയ കൃഷിയും നശിപ്പിക്കുന്നതായാണ് പരാതി.
കൃഷിഭവനുകളിൽനിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളർത്തിയ പച്ചക്കറി തൈകളും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൂച്ചെടികളും എറിഞ്ഞു തകർക്കുക, സ്കൂളിന്റെ ഗേറ്റ് തകർത്ത് അകത്തു കടക്കുക, ചുമരുകളിൽ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ളസംഭരണിയുടെയും കുടിവെള്ളത്തിന്റെയും പൈപ്പുകൾ തകർക്കുക എന്നിവ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
സാമൂഹികവിരുദ്ധരെ കണ്ടെത്തുന്നതിനായി സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികൾ നിരന്തരം കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരെ ബന്ധപ്പെടാറുണ്ടെങ്കിലും ആവശ്യം പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. വിഷയത്തിൽ പൊലീസിൽ പരാതിനൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും സ്കൂൾ പി.ടി.എയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.