ഉപതെരഞ്ഞെടുപ്പ് 21ന്: കുമ്പളയിൽ തീപാറും പോരാട്ടത്തിന് കളമൊരുങ്ങുന്നു
text_fieldsകുമ്പള: ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നതോടെ കുമ്പള പെർവാഡ് വാർഡിൽ തീപാറും പോരാട്ടത്തിന് കളമൊരുങ്ങുന്നു. ബി.എം.എസ് പ്രവർത്തകൻ വിനോദ് കുമാറിനെ കൊന്ന കേസിൽ ശിക്ഷ ലഭിച്ച സി.പി.എം പഞ്ചായത്ത് അംഗവും വികസനസമിതി അധ്യക്ഷനുമായിരുന്ന കൊഗ്ഗു രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ശിക്ഷ ലഭിച്ചതിനാൽ പഞ്ചായത്തംഗം കൊഗ്ഗുവിനെ തെരഞ്ഞെടുപ്പ് കമീഷൻ താൽക്കാലികമായി അയോഗ്യനാക്കുകയും ചെയ്തിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി ബന്ധം സംസ്ഥാനതലത്തിൽതന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ ഒരു വിഭാഗം ഉയർത്തിയ വലിയ പ്രതിഷേധമാണ് ഒടുവിൽ കൊഗ്ഗുവിന്റെ വികസനസമിതി അധ്യക്ഷസ്ഥാനം നഷ്ടപ്പെടാൻ കാരണമായത്. പാർട്ടി നിർദേശത്തെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ സി.പി.എം അംഗത്തിന്റെ പിന്തുണയോടെ ലഭിച്ച സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജി വെച്ചതോടെയാണ് കൊഗ്ഗുവിന് പദവി നഷ്ടപ്പെട്ടത്.
യു.ഡി.എഫ് ഭരിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്തിൽ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ബി.ജെ.പിയും സി.പി.എമ്മും പങ്കിട്ടെടുക്കുകയായിരുന്നു. ഈ നീക്കമാണ് ബി.ജെ.പി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്നതിനെതിരെ കുമ്പളയിൽ സി.പി.എമ്മിനകത്തും പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. സഖാവ് ഭാസ്കര കുമ്പളയുടെ ഘാതകരോടൊപ്പം സ്ഥാനങ്ങൾ പങ്കിടുന്നതിനെ ചൊല്ലിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ടായത്. എന്നാൽ, ഇത് പ്രാദേശിക നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. ബി.ജെ.പി -സി.പി.എം ബന്ധം തകർന്നതോടെ സ്ഥിരംസമിതി അധ്യക്ഷ പദവികൾ യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ പ്രാവശ്യം മുസ്‌ലിം ലീഗിനകത്തെ പടലപ്പിണക്കമാണ് പെർവാഡ് യു.ഡി.എഫ് തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുപ്രവർത്തകനായ അശ്റഫ് പെർവാഡായിരുന്നു സ്ഥാനാർഥി. യു.ഡി.എഫ് പ്രവർത്തകർ വിജയം പ്രതീക്ഷിച്ചിരുന്ന വാർഡിൽ സി.പി.എമ്മിലെ കൊഗ്ഗുവിനോട് ലീഗ് സ്ഥാനാർഥി 108 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിക്ക് 173 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. അതേസമയം ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ ലീഗ് സ്ഥാനാർഥികൾക്ക് എൽ.ഡി.എഫിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുകയും ചെയ്തിരുന്നു. അഷ്റഫിനെ തോൽപിക്കാൻ ലീഗിനകത്തുതന്നെ ചരടുവലികൾ നടന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതുസംബന്ധിച്ച് അഷ്റഫ് ജില്ല നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കുമ്പളയിൽ സി.പി.എമ്മും -ബി.ജെ.പിയും തമ്മിൽ ഉണ്ടാക്കിയ ധാരണ തന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണ വിഷയമാക്കുക. ഇതിനെ മറികടക്കാൻ കരുത്തുറ്റ സ്ഥാനാർഥിയെ തിരയുകയാണ് സി.പി.എം പ്രാദേശിക നേതൃത്വം. കൊഗ്ഗുവിന്റെ ജയിൽശിക്ഷയും മറ്റും തെരഞ്ഞെടുപ്പ് വിഷയമാകും എന്നിരിക്കെ കരുത്തനായ സ്ഥാനാർഥി വേണമെന്ന നിലപാടിലാണ് സി.പി.എം. ഒരു വിരമിച്ച അധ്യാപകനെ കളത്തിലിറക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ജൂലൈ രണ്ടാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അവസാന നിമിഷം മാത്രമേ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് ലീഗ് നൽകുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 173 വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
നല്ലൊരു ശതമാനം ബി.ജെ.പി വോട്ടുകൾ കൊഗ്ഗുവിന് ലഭിച്ചിരുന്നു. അതേസമയം എസ്.ഡി.പി.ഐ സ്ഥാനാർഥി കേവലം 46 വോട്ടുകൾ മാത്രമാണ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മത്സരിച്ചാൽ ലീഗിനായിരിക്കും നഷ്ടം. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ടർ പട്ടിക പുതുക്കലിന് ഇരുമുന്നണികളും മത്സരിച്ചാണ് പുതിയ വോട്ടർമാരെ ചേർത്തത്. ഏകദേശം അറുപതിൽപരം വോട്ടർമാരെ യു.ഡി.എഫും അത്രതന്നെ എൽ.ഡി.എഫും ചേർത്തതായാണ് മുന്നണികളുടെ അവകാശവാദം. കൂടാതെ പട്ടികയിൽ അനധികൃതമായി കടന്നുകൂടിയ സമീപ വാർഡുകളിലെ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും മുന്നണികൾ ശ്രദ്ധിച്ചിരുന്നു. ഏതായാലും വാർഡ് നിലനിർത്തേണ്ടത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. അതിനുള്ള ഒരുക്കങ്ങളായിരിക്കും പാർട്ടി നടത്തുക. സി.പി.എം, ബി.ജെ.പി അവിഹിത ബന്ധങ്ങളെ തുറന്നുകാട്ടി കൊഗ്ഗുവിന്റെ രാജിക്ക് കളമൊരുക്കിയ മുസ്‌ലിം ലീഗാവട്ടെ ശക്തമായ പോരാട്ടത്തിലൂടെ വാർഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കളത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.