ഇഴഞ്ഞുനീങ്ങി കുമ്പള റെയിൽവേ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം
text_fieldsപാതിവഴിയിലായ കുമ്പള റെയിൽവേ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം
കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ നിർമിക്കുന്ന ലിഫ്റ്റ് നിർമാണത്തിലും മെല്ലെപ്പോക്കെന്ന് പരാതി. നിർമാണ പ്രവൃത്തി തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ലിഫ്റ്റിനായുള്ള കുഴി എടുത്തതല്ലാതെ ലിഫ്റ്റ് സ്ഥാപിക്കാൻ തുടർനടപടികൾ ഉണ്ടായിട്ടില്ല. പ്രായമായവർക്കും സ്ത്രീ യാത്രക്കാർക്കും കുട്ടികൾക്കും രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ നിലവിൽ മേൽപാലമാണുള്ളത്. ഇതിന്റെ കോണികയറാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ലിഫ്റ്റ് സൗകര്യമേർപ്പെടുത്താൻ തീരുമാനിച്ചത്.
യാത്രക്കാരായ രോഗികൾ ഏറെയും ആശ്രയിക്കുന്നത് മംഗളൂരു ആശുപത്രികളെയാണ്. ഇത്തരം രോഗികൾക്ക് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ കയറണമെങ്കിൽ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകേണ്ടതുണ്ട്. ഇത് രോഗികൾക്കും മുതിർന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. ട്രെയിൻ കാത്തുനിൽക്കുന്ന രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂരയുടെ അഭാവം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
മഴക്കാലത്ത് മഴ നനഞ്ഞും വേനൽക്കാലത്ത് ചൂട് സഹിച്ചുമാണ് പ്ലാറ്റ്ഫോമുകളിൽ യാത്രക്കാർ ട്രെയിനിനായി കാത്തിരിക്കേണ്ടി വരുന്നത്. ഏറെ സ്ഥലസൗകര്യമുള്ള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയർത്തി വികസന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലില്ല.
ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ ദീർഘകാലമായി പാസഞ്ചേഴ്സ് അസോസിയേഷനും നാട്ടുകാരും വ്യാപാരികളും സന്നദ്ധ സംഘടനകളും നിരന്തരമായി ഇടപെടൽ നടത്തിവരുന്നു. ഒന്നിനും അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. റെയിൽവേ ഗതാഗതത്തെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാരുടെയും രോഗികളുടെയും കുട്ടികളുടെയും പ്രയാസം മനസ്സിലാക്കി ലിഫ്റ്റ് നിർമാണ പ്രവൃത്തി വേഗത്തിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒപ്പം അടിസ്ഥാന സൗകര്യ വികസനവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.