സി.പി.എം ബന്ധം: ബി.ജെ.പിയിൽ പ്രശ്നം പുകയുന്നു
text_fieldsകുമ്പള: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കുമ്പള ഗ്രാമ പഞ്ചായത്തിൽ രൂപംകൊണ്ട സി.പി.എം - ബി.ജെ.പി ബന്ധം ഉണ്ടാക്കിയ പ്രശ്നങ്ങൾ കെട്ടടങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കകത്ത് പ്രശ്നങ്ങൾ വീണ്ടും പുകഞ്ഞുതുടങ്ങി.
സി.പി.എം പ്രവർത്തകരുടെ കത്തിക്കിരയായ വിനുവിെൻറ ചരമ വാർഷികം ഒക്ടോബർ ഒമ്പതിന് ആചരിക്കാനിരിക്കെയാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ സംഭവ വികാസങ്ങൾ. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന കുമ്പള പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെയാണ് ബി.ജെ.പി രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി പദവികൾ കൈക്കലാക്കിയത്.
23 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രരുൾപ്പെടെ മൂന്ന് അംഗബലമുള്ള സി.പി.എമ്മിനും ബി.ജെ.പി സഹായത്തോടെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി പദവി ലഭിച്ചിരുന്നു. ഈ സംഭവം കുമ്പളയിലെ ബി.ജെ.പി പ്രവർത്തകരിൽ ചേരിതിരിവിന് കാരണമാവുകയും പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ കുമ്പളയിലെ ബി.ജെ.പി ഓഫിസിന് പൂട്ടിടുകയും ചെയ്തിരുന്നു. അന്ന് സംസ്ഥാന നേതാക്കളിടപെട്ട്, നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും തെരഞ്ഞെടുപ്പിനുശേഷം പരിഹാരം കാണാമെന്നും പറഞ്ഞ് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും പഞ്ചായത്തിൽ സി.പി.എമ്മുമായി ബന്ധം തുടരുന്നതിനാലാണ് പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ല സമിതിയിൽനിന്ന് കഴിഞ്ഞയാഴ്ച കുമ്പള കോയിപ്പാടിയിലെ വിനോദ് അംഗത്വം രാജിവെച്ചിരുന്നു.
കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം സഹായത്തോടെയാണ് രണ്ട് ബി.ജെ.പി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയതെന്ന ആരോപണവുമായി ജില്ല കമ്മിറ്റി അംഗം രാജിവെച്ച ഈ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃയോഗത്തിലാണ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
സ്ഥിരം സമിതി അധ്യക്ഷ പദവി ഒഴിയേണ്ടിവന്നാൽ പഞ്ചായത്ത് അംഗത്വംതന്നെ രാജിവെക്കുമെന്ന് പഞ്ചായത്ത് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ബി.ജെ.പി പ്രവർത്തകരിൽ ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങൾ പത്തു ദിവസത്തിനകം പരിഹരിക്കുമെന്നു പറഞ്ഞാണ് സംസ്ഥാന നേതാക്കൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.