കുമ്പളയിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നുവെന്ന് തെളിഞ്ഞു –യൂത്ത് ലീഗ്
text_fieldsകുമ്പള: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പി-സി.പി.എം പരസ്പരം ധാരണയോടെയാണ് മത്സരിച്ചതെന്ന് തെളിഞ്ഞതായി യൂത്ത് ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി പ്രവർത്തകനായ കോയിപ്പാടിയിലെ വിനു കൊല്ലപ്പെട്ട കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈകോടതി ഉത്തരവ് വന്നതിനുശേഷം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിക്കാനുള്ള ബി.ജെ.പി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാൻ ചെയ്ത നാടകമായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വിനു വധക്കേസിലെ പ്രതിയുമായ കൊഗ്ഗു ചില മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ യു.ഡി.എഫ് ഉന്നയിക്കുന്ന ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ പ്രകടമായ തെളിവാണ്.
ബി.ജെ.പി വോട്ടുനേടിയാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും പിന്നെന്തിന് രാജിവെക്കണമെന്നുമുള്ള കൊഗ്ഗുവിെന്റ വെളിപ്പെടുത്തലിനെപ്പറ്റി സി.പി.എം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും പരസ്പര ധാരണകളിലൂടെയാണ് കുമ്പളയിൽ ബി.ജെ.പി, സി.പി.എം അംഗങ്ങൾ ജയിച്ചുകയറിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുപകരം കൊലയാളിക്ക് ബി.ജെ.പി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകുകയാണുണ്ടായത്. കേവലം രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകനായിരുന്ന രക്തസാക്ഷിയെയും അവരുടെ കുടുംബത്തെയും വഞ്ചിച്ചത്.
കൊഗ്ഗുവിന്റേതടക്കം മൂന്ന് സി.പി.എം അംഗങ്ങളുടെ വോട്ടുവാങ്ങി ബി.ജെ.പി നേടിയ സ്ഥാനങ്ങൾ ഒഴിയണം. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ, പഞ്ചായത്തംഗം യൂസുഫ് ഉളുവാർ, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അബ്ബാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.