ആരും കാണുന്നില്ലേ ഇൗ സ്കൂൾ പരിസരം?; സ്കൂൾ മതിലിനോട് ചേർന്ന് കസ്റ്റഡി വാഹനങ്ങളും പിടിച്ചെടുത്ത തോണികളും
text_fieldsകുമ്പള: സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം കാടുപിടിച്ചുതന്നെ. ഒന്നര വർഷങ്ങൾക്കു മുമ്പ് സ്കൂൾ അടച്ചിടുമ്പോൾ ഉണ്ടായിരുന്ന അവസ്ഥയിലല്ല സ്കൂൾ പരിസരം. മറ്റുള്ളവർക്ക് മാതൃകയാകേണ്ട പൊലീസാണ് സ്കൂൾ പരിസരം കാടുപിടിപ്പിച്ച അവസ്ഥക്ക് കാരണക്കാർ. മൈതാനത്ത് സ്കൂൾ മതിലിനോട് ചേർന്ന് കസ്റ്റഡി വാഹനങ്ങളും പിടിച്ചെടുത്ത തോണികളും കൊണ്ടിട്ടതാണ് വിനയായത്.
സ്കൂൾ മൈതാനത്ത് കൊണ്ടിട്ട വാഹനങ്ങളിലൊന്നിൽ കടന്നൽകൂടുള്ളതായും സൂചനയുണ്ട്. രണ്ടാഴ്ച മുമ്പ് ഇതുവഴി നടന്നുപോയ ഒരാൾക്ക് കടന്നലിെൻറ കുത്തേറ്റിട്ടുണ്ടത്രേ. സ്കൂൾ വളപ്പ് ഒരാഴ്ച മുമ്പ് പ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികൾ ശുചീകരിക്കാൻ പി.ടി.എയും മറ്റും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ, പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളെ തൊടാൻ പൊലീസിനല്ലാതെ അധികാരമില്ലാത്ത സ്ഥിതിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള, സർക്കാറിെൻറ ടൂറിസ്റ്റ് ബംഗ്ലാവ് സ്കൂൾ പരിസരത്ത് ഭാഗികമായി പൊളിഞ്ഞുകിടക്കുന്നു.
ഓടുമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിെൻറ ഓടുകളും മേൽക്കൂരയും തകർന്ന് പട്ടികകളും മരങ്ങളും ശേഷിച്ച ഓടുകളും ഏതു സമയത്തും വീഴാൻ പാകത്തിലാണ്. ഈ കെട്ടിടം പൊളിക്കണമെന്ന് പലവതണ രക്ഷിതാക്കൾ ആവശ്യപ്പെട്ടതാണ്. സ്കൂൾ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന പതിനഞ്ചോളം വരുന്ന വാഹനങ്ങളും തോണിയും അവിടെനിന്ന് മാറ്റി വൃത്തിയാക്കുന്നതിനും അപകടാവസ്ഥയിലായ ടി.ബി കെട്ടിടം പൊളിച്ചുമാറ്റുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ എം.എൽ.എയും ജില്ല കലക്ടറും ഇടപെട്ട് നിർദേശം നൽകണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.