കുമ്പള റെയിൽവേ സ്റ്റേഷനെ അവഗണനയിലാഴ്ത്തരുത്
text_fieldsകുമ്പള: അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വിഷയവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി. 37.5 ഏക്കർ ഭൂമി സ്വന്തമായുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വികസനത്തിനാവശ്യമായ എല്ല ഭൗതിക സാഹചര്യവും നിലവിലുള്ളതിനാൽ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ദേശീയവേദി ആവശ്യപ്പെട്ടു.
ഓരോ വർഷവും ഒന്നരക്കോടി രൂപ വരുമാനവും ഒന്നര ലക്ഷം യാത്രക്കാരും കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുവെന്ന് റെയിൽവേയുടെ കണക്കിൽനിന്നു തന്നെ വ്യക്തമാവുന്നുണ്ട്. എന്നിട്ടുപോലും ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ്പുള്ളത്. മാവേലി, പരശുറാം, കണ്ണൂർ- ബംഗളൂരു എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പനുവദിക്കണമെന്നും ഇതിനായി ഇടപെടൽ നടത്തണമെന്നും ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാതയിൽനിന്ന് നേരിട്ട് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള ഏക റെയിൽവേ സ്റ്റേഷനാണ് കുമ്പള. ആശുപത്രി, വിദ്യാഭ്യാസം വ്യാപാരാവശ്യങ്ങൾക്കൊക്കെ പോയിവരുന്നവരാണ് യാത്രക്കാരേറേയും. എട്ട് പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയുടെ വടക്കൻ ഭാഗത്തെയും യാത്രക്കാരാണ് കുമ്പളയെ ആശ്രയിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ പ്ലാറ്റ്ഫോമിന് മേൽക്കൂരയുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാൻ നടപടി വേണം.
റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. സാമൂഹിക ദ്രോഹികൾ താവളമാക്കാതിരിക്കാൻ സ്റ്റേഷന്റെ എല്ലാ ഭാഗത്തും വെളിച്ചം ലഭ്യമാക്കണം. കുടിവെള്ള സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ ശുചിമുറികളും വേണം. സ്റ്റേഷനിൽ യാത്രക്കാർക്ക് ഉച്ചഭാഷിണിയിലൂടെ വിവരമറിയിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് വിജയകുമാർ, ജന. സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്.എം. കരീം, വൈസ് പ്രസിഡന്റ് അഷ്റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, എൽ.ടി. മനാഫ്, സെഡ്.എ. മൊഗ്രാൽ എന്നിവരാണ് എം.പിക്ക് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.