അയലക്കുഞ്ഞുങ്ങൾ മാത്രം; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
text_fieldsകുമ്പള: കടലിൽ മത്സ്യസമ്പത്ത് കുറയുന്നുവോ? ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കാലവർഷത്തിനുശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ പലപ്പോഴും വെറുംകൈയോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ കുടുംബം പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.
മത്സ്യലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികൾ കടലിൽ ഇറക്കിയിരുന്നില്ല. ഇറക്കിയാൽതന്നെ അയലക്കുഞ്ഞുങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അതിനാകട്ടെ വിലയുമില്ല. ചാകരക്കാലത്തുപോലും മത്സ്യലഭ്യതയുടെ കുറവാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. ആഴക്കടലിലെ ബോട്ടുകളിലെ അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്ത് കുറയാൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതരസംസ്ഥാന-വിദേശ ബോട്ടുകളൊക്കെ ആഴക്കടലിൽ അരിച്ചുപെറുക്കി മീൻ പിടിക്കുന്നതുമൂലം മത്സ്യസമ്പത്ത് നശിക്കുകയാണെന്ന പരാതിയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി അനധികൃത മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടികൂടിയത് ഇതിന് ഉദാഹരണമാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാൽ സർക്കാർ ചെയ്യുന്നത് മുറപോലെ ‘റേഷൻ സൗജന്യമാക്കൽ’ മാത്രമാണ്. ബി.പി.എൽ കുടുംബങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോ എന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു. അനധികൃത മത്സ്യബന്ധനത്തിലൂടെ കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.