കുമ്പളയിൽ മാലിന്യം; ദുർഗന്ധത്താൽ ദുരിതംപേറി നാട്ടുകാരും വിദ്യാർഥികളും
text_fieldsകുമ്പള: മാലിന്യവിഷയത്തിൽ അധികൃതർ പിഴയും തടവും ഉൾപ്പെടെയുള്ള നിയമം കർശനമായി നടപ്പിലാക്കുമ്പോഴും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന രീതിയിലാണ് കുമ്പള സ്കൂൾ റോഡിൽ മത്സ്യവിൽപനക്കിടെ മീൻവെള്ളം ഒഴുക്കുന്നതും മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും.
പൊതുസ്ഥലത്ത് മത്സ്യവിൽപന നടത്തിയതിനും മീൻവെള്ളം ഒഴുക്കിയതിനും കഴിഞ്ഞമാസമാണ് രണ്ട് മത്സ്യവിൽപന തൊഴിലാളികൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് പിഴചുമത്തിയത്. എന്നിട്ടും ഇത് ആവർത്തിക്കുകയാണ്. സ്കൂൾ റോഡിലെ ഓവുചാലുകൾ ലക്ഷങ്ങൾ ചെലവഴിച്ചാണ് കഴിഞ്ഞ മാസം കുമ്പള ഗ്രാമപഞ്ചായത്ത് പുനർനിർമിച്ചത്. ഈ ഓവുചാലിലേക്കാണ് സ്കൂൾ റോഡിലെ മത്സ്യവിൽപന തൊഴിലാളികൾ മാലിന്യം വലിച്ചെറിയുന്നതും മീൻ വെള്ളം ഒഴുക്കിവിടുന്നതും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം നിലനിൽക്കെയാണിത്. മീൻ വെള്ളം സ്കൂൾ റോഡിൽ ഒഴുക്കുന്നതുമൂലം കൊതുകുകളും ഈച്ചകളും പെരുകയാണ്. ഒപ്പം ദുർഗന്ധവും. മാലിന്യം തൊട്ടടുത്ത കേന്ദ്രസർക്കാർ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് ഗേറ്റ് സ്ഥാപിച്ചിട്ടുള്ള കവാടത്തിലേക്കാണ് വലിച്ചെറിയുന്നത്.
എറിയുമ്പോൾ ഇതിൽ പകുതിയും വീഴുന്നത് സ്കൂൾ റോഡിലേക്കാണ്. മീൻ- ഭക്ഷ്യ മാലിന്യമായതിനാൽ ഇത് നായകൾക്ക് ഭക്ഷണവുമാകുന്നു. ഇതുമൂലം സ്കൂൾ റോഡ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇതുവഴി സ്കൂളിലേക്ക് നടന്നുപോകുന്ന വിദ്യാർഥികൾക്ക് നായ്ക്കൂട്ടം ഭീഷണിയുമാണ്. സഹികെട്ട വ്യാപാരികളും വിദ്യാർഥികളും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.