വലിച്ചെറിയൽ വിമുക്തം; കുമ്പളയിൽനിന്ന് ഹരിതകർമ സേന ശേഖരിച്ചത് ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം
text_fieldsകുമ്പള: പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി കുമ്പളയിൽ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ചത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതും കത്തിക്കുന്നതും വൻതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നുവെന്ന് തിരിച്ചറിവിനെ തുടർന്നാണ് സർക്കാർ നിർദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഹരിതകർമ സേനക്ക് രൂപം നൽകിയത്. ഇവർ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കുമ്പളയിൽ മാത്രം ഹരിതസേനയിൽ 50ലേറെ വനിതകളുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ വിഷയത്തിൽ ഏറെ വിമർശനം ഏൽക്കേണ്ടി വരുന്നുണ്ട്. മാലിന്യനിർമാർജനത്തിന് ശാസ്ത്രീയമായ പദ്ധതികളൊന്നും ആവിഷ്കരിച്ച് നടപ്പാക്കാൻ കഴിയുന്നുമില്ല. ജില്ലയിലെ പലഭാഗങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന് അധികൃതരുടെ മൗനാനുവാദത്തോടെ തീ കൊടുക്കുന്ന സാഹചര്യവും ഉണ്ടായി. വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയ ‘ബ്രഹ്മപുരം’ വിഷയം കേരളമാകെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ഇതിനിടയിലാണ് കുമ്പളയിലെ വ്യാപാരികൾക്കും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ഹരിതകർമ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം ചെറിയതോതിലെങ്കിലും സഹായകമാകുന്നത്. ഹരിത കർമസേനയെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.