കനത്ത മഴ: കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി
text_fieldsകുമ്പള: കനത്ത മഴയിൽ ഓവുചാലുകൾ കരകവിഞ്ഞ് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. സ്റ്റേഷനകത്തേക്കുള്ള കവാടത്തിലൂടെ വെള്ളം കുത്തിയൊഴുകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എല്ലാ വർഷവും മഴക്കാലത്ത് കുമ്പള റെയിൽവേ സ്റ്റേഷന് അകത്തേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇത് തടയുന്നതിന് അഞ്ചു വർഷം മുമ്പ് സ്റ്റേഷന് കിഴക്കുവശത്തെ ഓവുചാലുകൾ വലുതാക്കി കോൺക്രീറ്റ് ചെയ്തിരുന്നു.
എന്നാൽ, കനത്ത മഴ പെയ്താൽ അകത്തേക്ക് വെള്ളം കയറുന്നത് തുടർന്നു. സമയാസമയങ്ങളിൽ ഓടകൾ വൃത്തിയാക്കാത്തത് മാലിന്യം കെട്ടിനിൽക്കുന്നതിനും ഓവുചാലുകൾ കവിഞ്ഞൊഴുകുന്നതിനും കാരണമായി. ടിക്കറ്റ് കൗണ്ടർ, കാൻറീൻ യാത്രക്കാർക്കുള്ള വിശ്രമസ്ഥലം എന്നിവിടങ്ങളിലെല്ലാം വെള്ളം ഒഴുകിയെത്തി. ഓഫിസിനകത്തെ കക്കൂസ് നിറഞ്ഞ് സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ജോലി ചെയ്യുന്ന ടെക്നിക്കൽ മുറിയിലൂടെ വെള്ളം ഒലിച്ചിറങ്ങി പ്ലാറ്റ്ഫോമിലേക്കൊഴുകി. വലിയ വോൾട്ടേജിലുള്ള വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സംവിധാനങ്ങളുള്ള ഈ മുറിയിൽ ജീവൻ പണയപ്പെടുത്തിയാണ് നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.
സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്ക് കുത്തിയൊഴുകിയെത്തുന്ന മലവെള്ളം നേരെ ചെന്നുപതിക്കുന്നത് റെയിൽപാളത്തിലേക്കാണ്. പാളം ഉറപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ട്രെയിൻ കടന്നുപോകുമ്പോൾ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.