മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ തകര്‍ത്തും കുമ്പളയില്‍ ക്ഷേത്രം കുത്തിത്തുറന്നും കവര്‍ച്ച
text_fieldsകുമ്പള: മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 45 പവന് സ്വര്‍ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നു. കുമ്പള നായിക്കാപ്പില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിഗ്രഹവും സ്വര്‍ണമാലയും മൂന്നരക്കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു. മഞ്ചേശ്വരം കുന്നില്‍ റോഡരികില്‍ താമസിക്കുന്ന ഹാദി തങ്ങളുടെ വീടിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.
വീടിന്റെ താഴത്തെ നിലയിലെ മൂന്ന് അലമാരകള്‍ തുറന്നാണ് 45 പവന് സ്വര്‍ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നത്. ഹാദി തങ്ങളും കുടുംബവും എട്ട് ദിവസം മുമ്പ് വീട് പൂട്ടി ഏര്‍വാടി ദര്‍ഗയിലേക്ക് സിയാറത്തിന് പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്.
വീടിന്റെ മുകളിലത്തെ നിലയില്‍ അലമാരകള്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ച സംഘം ഇവിടെ എത്തിയില്ലെന്നാണ് സൂചന. കുമ്പള നായിക്കാപ്പിലെ ശ്രീ ചീരുംബ ഭഗവതി നാരായണ മംഗല ക്ഷേത്രത്തിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. വിഗ്രഹത്തിലെ പ്രഭാവലിയും അതില്‍ ചാര്‍ത്തിയ ആറ് പവന് സ്വര്‍ണമാലയും മൂന്നരക്കിലോ വെള്ളിയാഭണങ്ങളുമാണ് കവര്‍ന്നത്. ഇവ പിന്നീട് ക്ഷേത്ര വളപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ എട്ടോളം കവര്‍ച്ചകളാണ് നടന്നത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ അടുത്തകാലത്തായി അഞ്ച് കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കവര്‍ച്ച തടയാന്‍ പൊലീസ് നടപടി ശക്തമാക്കുമ്പോഴും കവര്‍ച്ചകള്‍ തുടരുന്നത് പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു.
മഞ്ചേശ്വരം കുന്നിലിലെ വീട്ടില്‍ നടന്ന കവര്‍ച്ച മഞ്ചേശ്വരം പൊലീസും കുമ്പള നായിക്കാപ്പിലെ ക്ഷേത്രകവര്‍ച്ച കുമ്പള പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടിടങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.