കുമ്പളക്ക് കുതിക്കണം
text_fieldsകുമ്പള: വർഷത്തിൽ കോടി രൂപ വരുമാനമുണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷന് അവഗണനക്ക് ഒരു കുറവുമില്ല. നിലവിലെ സാഹചര്യത്തിൽ പരിഗണനക്ക് അർഹതയുള്ള സ്റ്റേഷനാണ് കുമ്പള. എന്നാൽ, പരിഗണനകൾ വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
റെയിൽവേയുടെ കണക്കുപ്രകാരം ഇ- ഗ്രേഡ് കാറ്റഗറിയിൽ പെടുന്ന സ്റ്റേഷനാണ് കുമ്പള. ഗ്രേഡനുസരിച്ചുളള വികസനം കുമ്പളക്കുണ്ടായിട്ടില്ല.
റെയിൽവേ സ്റ്റേഷനോട് ചേർന്ന് 40 ഏക്കർ സ്ഥലം സ്വന്തമായി ഉണ്ട്. ദേശീയപാതയോട് ഓരം ചേർന്ന് കിടക്കുന്നു. പരിഗണന ലഭിച്ചാൽ ഇരട്ടി ലാഭം പ്രതീക്ഷിക്കാവുന്ന സ്റ്റേഷൻ ആണിത്. പ്രതിമാസം അരലക്ഷത്തോളം യാത്രക്കാർ കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. പ്രതിമാസം 10 ലക്ഷം രൂപയാണ് വരുമാനം.
മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നൂറോളം വിദ്യാർഥികൾ ആശ്രയിക്കുന്നതും കുമ്പള സ്റ്റേഷനെയാണ്. എച്ച്.എ.എൽ, സി.പി.സി.ആർ.ഐ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് എളുപ്പത്തിൽ എത്താൻ പറ്റുന്ന സ്റ്റേഷൻ കൂടിയാണ് കുമ്പള. പ്ലാറ്റ്ഫോമിന് പകുതിയിൽ കൂടുതൽ സ്ഥലത്തും മേൽക്കൂര ഇല്ല.
മഴക്കാലത്ത് നനഞ്ഞ് വേണം ട്രെയിൻ കയറാൻ. ചുരുക്കം ട്രെയിനുകൾക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
വികസന നിർദേശങ്ങൾ എം.പിക്ക് സമർപ്പിച്ചു
കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ വികസന നിർദേശങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് സമർപ്പിച്ചു. 2023 ഫെബ്രുവരിയിൽ ചേരാനിരിക്കുന്ന ദക്ഷിണ റെയിൽവേ യോഗത്തിൽ അവതരിപ്പിക്കാൻ കാസർകോട് ലോക്സഭ മണ്ഡലം പരിധിയിൽപെടുന്ന റെയിൽവേ സ്റ്റേഷനുകളുടെ പോരായ്മകളും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും വികസന നിർദേശങ്ങളും അറിയിക്കാൻ എം.പി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മൊഗ്രാൽ ദേശീയവേദിയാണ് പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചത്.
ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്ന ഏക്കർ കണക്കിന് സ്ഥലസൗകര്യം ഉള്ള റെയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷനായോ സാറ്റലൈറ്റ് സ്റ്റേഷനായോ ഉയർത്താൻ നടപടി സ്വീകരിക്കുക, മഴക്കാലത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്കോ പുഴയിലേക്കോ ഒഴുക്കി വിടാൻ സംവിധാനമൊരുക്കുക, പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയും ഇരിപ്പിട സൗകര്യവുമൊരുക്കുക.
യാത്രക്കാരുടെ വർധനയും വരുമാന വർധനയും പരിഗണിച്ച് ഡി -ഗ്രേഡിലേക്ക് സ്റ്റേഷൻ ഉയർന്ന സാഹചര്യത്തിൽ അതിനനുസരിച്ചുള്ള അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, റെയിൽവേ സ്റ്റേഷന് മുന്നിലുള്ള കാടുകൾ വെട്ടിത്തെളിച്ച്, ദ്രവിച്ചുപഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, പൂന്തോട്ടങ്ങൾ, പാർക്കുകൾ എന്നിവ നിർമിക്കുക.
വാഹനങ്ങൾക്ക് വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക, റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും യാത്രാദുരിതത്തിനും പരിഹാരം തുടങ്ങിയ നിർദേശങ്ങളാണ് ദേശീയവേദി എം.പി.ക്ക് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.