ദേശീയപാത; ഷിറിയയിൽ മേൽപാലം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്
text_fieldsകുമ്പള: ദേശീയപാതക്ക് കുറുകെ ഷിറിയയിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭത്തിന്. ഷിറിയ വികസന സമിതിയുടെ നേതൃത്വത്തിലാണ് സമരം.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയുടെ ഇരുവശത്തായി നിരവധി പൊതു സ്ഥാപനങ്ങളാണ് സ്ഥിതിചെയ്യുന്നത്. നിർമാണം പൂർത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ കുന്നിൽ പ്രദേശം തീർത്തും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സ്വകാര്യ സ്കൂൾ, മദ്റസ, അംഗൻവാടി അടക്കമുള്ള സ്ഥാപനങ്ങളും വിവിധ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ദേശീയ പാത നിർമാണം കുട്ടികളുടെ സ്കൂൾ പഠനത്തെതന്നെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഭൂമിശാസ്ത്രപരമായി അടിപ്പാത അനുവദിക്കാൻ നിർവാഹമില്ലാത്തതിനാൽ കിഴക്ക് - പടിഞ്ഞാറ് പ്രദേശം റെയിൽവേ ലൈൻ അടക്കം ഉൾപ്പെടുത്തി മേൽപാലം നിർമിക്കണമെന്ന് നാട്ടുകാർ ദേശീയ പാത സ്ഥലമേറ്റടുപ്പ് ഘട്ടത്തിൽതന്നെ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാത ഉൾപ്പെടുത്തിയുള്ള മേൽപാല നിർമാണം റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുമുണ്ടായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിയോഗിച്ച പ്രത്യേക സംഘം വർഷങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു. വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടത്ര ഇടപെടൽ നടത്താത്തതിനാൽ ആവശ്യം പരിഗണിക്കാതെ പോയതായി സമിതി കുറ്റപ്പെടുത്തി.
മംഗൽപ്പാടി പഞ്ചായത്തിലെ 14, 15 വാർഡുകളിലായി ഷിറിയ വില്ലേജിൽ കിഴക്കുപടിഞ്ഞാറായി വ്യാപിച്ച് കിടക്കുന്നതാണ് ഷിറിയ പ്രദേശം. കാലങ്ങളായി ആളുകൾ റെയിൽപാളം മുറിച്ചുകടക്കാനുപയോഗിച്ചിരുന്ന വഴികൾ സമീപ ഭാവിയിൽ റെയിൽവേ അടക്കുന്നതോടെ പടിഞ്ഞാറുഭാഗത്തുള്ളവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി ദേശീയപാതയിൽ എത്തേണ്ട സാഹചര്യമുണ്ടാകും. വാർത്തസമ്മേളനത്തിൽ ഷിറിയ വികസന സമിതി ചെയർമാൻ കെ.എം. അബ്ബാസ് ഓണന്ത, ഷിറിയ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാഫി സഅദി ഷിറിയ, വികസന സമിതി ട്രഷറർ ഹനീഫ് ഷിറിയ, വൈസ് ചെയർമാൻ മഹ്മൂദ് ഹാജി, കൺവീനർ മഷൂദ് ഷിറിയ, വൈസ് ചെയർമാൻ ജലീൽ ഷിറിയ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.