ദേശീയപാത വികസനം: ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകിയ ഭൂമിയുടെ അതിരുകളിൽ മാറ്റം വരുത്തുന്നതായി പരാതി
text_fieldsകുമ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാതികളും അവസാനിക്കുന്നില്ല. ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകിയ ഭൂമിയുടെ അതിരുകളിൽ മാറ്റം വരുത്തുന്നുവെന്നതാണ് പുതിയ പരാതി.
അലൈൻമെൻറിൽ മാറ്റംവരുത്താൻ അധികാരമില്ലെന്ന് കോടതിയിൽപോലും പറയുന്ന ദേശീയ പാത (എൽ.എ) അധികൃതർ തന്നെയാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകിയ സ്ഥലഉടമകളിൽ നിന്നും തോന്നിയ പോലെ ഭൂമി ഏറ്റെടുക്കുന്നതായ പരാതി ഉയർന്നത്. വർഷങ്ങളോളം നിരന്തരമായി സർവേ നടത്തി ദേശീയപാതക്ക് ആവശ്യമായ സ്ഥലത്തിെൻറ അതിര് നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൊഗ്രാൽപുത്തൂർ, കുഡ്ലു വില്ലേജുകളിലെ സ്ഥല ഉടമകൾക്ക് തുച്ഛമായ തുകയാണ് നഷ്ടപരിഹാരം ലഭിച്ചത്.
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ ചെറിയൊരു ഭാഗം നഷ്ടമാകുമെന്നുപറഞ്ഞ് കെട്ടിടം ഭാഗികമായി വിട്ടുനൽകിയവർക്കും ഇപ്പോൾ പുതിയ സർവേ ദുരിതമായിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന സർവേ പ്രകാരം പലരുടെയും വീടും കെട്ടിടങ്ങളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി മാറും. ഇതിന് അർഹമായ നഷ്ടപരിഹാരം കിട്ടണമെങ്കിൽ ഇരകൾ ഒരുപാടു കഷ്ടപ്പെടേണ്ടിവരുകയും ചെയ്യും.
ജില്ല കലക്ടറാണ് ആർബിട്രേറ്റർ. 2018ൽ നൽകിയ അപ്പീലുകൾ പോലും പരിശോധിച്ചിട്ടില്ല എന്നാണ് അധികൃതർ തന്നെ പറയുന്നതത്രെ. ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വൈകും. പുതിയ സർവേ പ്രകാരം അതിര് മാറിയാൽ വീണ്ടും സ്ഥലത്തിനും അതിലുള്ള കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ടിവരും.
ഇതിന് വീണ്ടും വില നിശ്ചയിക്കാൻ പരിശോധന വേണ്ടിവരും. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ അതിരുകളിൽ മാറ്റംവരുന്നത് സ്ഥല ഉടമകളിൽ ആശങ്ക വരുത്തുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ ഡെപ്യൂട്ടി കലക്ടറെ (എൻ.എ, എൽ.എ) നേരിൽക്കണ്ട് ബോധിപ്പിച്ചിട്ടുണ്ട്. പരാതികൾ ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും സർവേയറും തഹസിൽദാറുമായി കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു,
എൻ.എച്ച്, എൽ.എ ദേശീയപാത പൊതുമരാമത്ത്, റവന്യൂ, ജില്ല ഭരണകൂടം, കരാറുകാരൻ, സർവേ വിഭാഗം എന്നിവർ സംയുക്തമായി പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.