ദേശീയപാത വികസനം: കെട്ടിടങ്ങൾ പൊളിക്കൽ ആരംഭിച്ചു
text_fieldsകുമ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സ്ഥലം, വീട്, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള നഷ്ടങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം കിട്ടാത്തവർ ഏറെ. ജില്ലയിലെ മൂന്നു ദേശീയപാത റീച്ചുകളായ തലപ്പാടി- ചെങ്കള, ചെങ്കള- നീലേശ്വരം, നീലേശ്വരം- തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപനം 2020 ഒക്ടോബറിലാണ് നടന്നത്.
മൂന്നു റീച്ചുകളിൽ ആദ്യത്തെ 39 കി.മീ റീച്ച് 1704.125 കോടി രൂപക്കാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തത്. ഭാരതമാല പദ്ധതിയിൽപെടുന്ന റോഡിന് 15 വർഷത്തെ പരിപാലനവും കൂടി ഉൾപ്പെടുത്തിയാണ് കരാർ.
രണ്ടു വർഷത്തെ നിർമാണ കാലാവധിയിൽ നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ജോലികൾ പുരോഗമിക്കുമ്പോഴും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സ്ഥലമുടമകൾ നിയമനടപടിയുമായി മുന്നോട്ടു പോയപ്പോൾ നഷ്ടപരിഹാരത്തുകയുടെ 50ശതമാനം ഒരുമാസത്തിനകവും ആർബിട്രേഷൻ നടപടികൾ പൂർത്തിയാക്കി ബാക്കി തുക നാലു മാസത്തിനകവും നൽകണമെന്നാണ് 2020 ഡിസംബറിൽ ഹൈകോടതി ഉത്തരവിട്ടിരുന്നത്. നഷ്ടപരിഹാരത്തുക കിട്ടാൻ കാലതാമസമെടുക്കുന്നതിനെതിരെ സ്ഥലമുടമകൾ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
തലപ്പാടി -ചെങ്കള റീച്ചിൽ നഷ്ടപരിഹാരത്തുക കൊടുത്തു കഴിഞ്ഞ കെട്ടിടങ്ങൾ ഇതിനകം പൊളിച്ചുമാറ്റി തുടങ്ങിയിട്ടുണ്ട്. ഇനി വൃക്ഷങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കണം. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റണം. പ്രധാന പാതയുടെ നിർമാണം തുടങ്ങുമ്പോൾ സമാനമായി സർവിസ് റോഡ് നിർമിക്കേണ്ടതുമുണ്ട്.
സ്ഥലമെടുപ്പിന് വലിയ എതിർപ്പു നേരിട്ടതും, സ്ഥലത്തിന്‍റെ പൊന്നുംവിലയും, പുനരധിവാസ പ്രശ്നവും കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇപ്പോൾ നേർവഴിക്കെത്തിയിരിക്കുന്നത്.
ദേശീയപാതയോരത്ത് നിൽപുസമരം
ഉദുമ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ കമ്മിറ്റി പെരിയട്ടടുക്കം ദേശീയപാതയോരത്ത് നിൽപുസമരം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ടി.സി. സുരേഷ് അധ്യക്ഷനായി. വാസു പള്ളിക്കര, അബ്ബാസ് ബിസ്മില്ല, ടി. മുഹമ്മദ് കുഞ്ഞി, ബി.കെ. രവി സ്വാമി, വാരിജാക്ഷൻ, വൈ. ആനന്ദ എന്നിവർ സംസാരിച്ചു. വി.കെ. ഗോപാലൻ സ്വാഗതം പറഞ്ഞു.
വ്യാപാരികളുടെ നിൽപുസമരം
നീലേശ്വരം: ദേശീയപാത വികസനത്തിെൻറ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി -വ്യവസായി സമിതി നീലേശ്വരം ഏരിയ കമ്മിറ്റി മാർക്കറ്റ് ജങ്ഷനിൽ നടത്തിയ നിൽപുസമരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു.വി.വി. ഉദയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ, രവി ആറ്റീപ്പിൽ, വി.വി. കരുണാകരൻ, ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.