ഇരുട്ടായാൽ കാസർകോട് -തലപ്പാടി റൂട്ടിൽ ബസുകൾ കുറവ്
text_fieldsകുമ്പള: നേരമിരുട്ടിയാൽ കാസർകോട്-തലപ്പാടി റൂട്ടിൽ ബസുകളുടെ എണ്ണം വളരെ കുറവ്. സ്വകാര്യ ബസുകളിൽ മിക്കതും ട്രിപ് റദ്ദാക്കുന്നു. കോവിഡിനുമുമ്പ് ഓടിയ കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിച്ചതുമില്ല. ഫലത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാക്ലേശമാണ് രാത്രിയിൽ നേരിടുന്നത്. വൈകീട്ട് ആറുകഴിഞ്ഞാൽ ബസ് സർവിസ് കുറവാണ്.
മണിക്കൂറുകളോളമാണ് യാത്രക്കാർ സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നെങ്കിലും രാത്രിയിൽ ഏതാനും സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി ഇപ്പോഴും നടത്തുന്നത്.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം നന്നായി കുറഞ്ഞെങ്കിലും പഴയ അവസ്ഥയിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി സന്നദ്ധമാവുന്നില്ല. ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ട്രിപ്പുകൾ നിർത്തിവെക്കുകയാണ്. അവധി ദിനങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്നതിനെതിരെ ബന്ധപ്പെട്ടവരാരും നടപടിയെടുക്കുന്നില്ല.
കെ.എസ്.ആർ.ടി.സിക്ക് മംഗളൂരു-കാസർകോട് സർവിസ് മികച്ച വരുമാനമാണ് നൽകുന്നത്. കർണാടകയിലെ യാത്രാവിലക്ക് വേളയിൽപോലും പ്രതിദിന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായില്ല.
ഇത്രയും വരുമാനം ലഭിച്ചിട്ടും സർവിസുകൾ കൂട്ടാൻ ഒരു ശ്രമവും കെ.എസ്.ആർ.ടി.സി നടത്തുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.