സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടി കുമ്പള
text_fieldsകുമ്പള ടൗണിൽനിന്ന് ബസ് കയറാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾ
മൊഗ്രാൽ: സ്ഥലസൗകര്യത്തിന്റെ അഭാവംമൂലം കുമ്പള ടൗൺ വീർപ്പുമുട്ടുന്നു. നിന്നുതിരിയാൻ ഇടമില്ലാതെ വർഷങ്ങളായി പൊതുജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയെങ്കിലും പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഇതുവരെ നിലവിൽവന്നിട്ടില്ല. ഇതുമൂലം വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ദുരിതമനുഭവിക്കുന്നു.
വർഷങ്ങളായി ബസ് സ്റ്റാൻഡിനകത്ത് ബസ് കയറുന്നത് വളരെ അപകടംപിടിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളും മറ്റുള്ളവരും ബസ് കയറുന്നതും ഇറങ്ങുന്നതും ഈ വീർപ്പുമുട്ടിയ ബസ്സ്റ്റാൻഡിനകത്താണ്. വൈകുന്നേരങ്ങളിൽ ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ മീറ്ററോളം നടന്നുവേണം ദേശീയപാതയിൽനിന്ന് ബസ് കയറാൻ. അവിടെയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
നഗരത്തിലെ മുന്നൂറോളം ഓട്ടോകൾക്ക് പാർക്കിങ് സൗകര്യമില്ലാതെ ഓട്ടോത്തൊഴിലാളികളും ബുദ്ധിമുട്ടനുഭവിക്കുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ ഓട്ടോ പാർക്കിങ് കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സർക്കാർ ഓഫിസുകളിലേക്കും മറ്റുമെത്തുന്ന പൊതുജനങ്ങൾക്ക് ടൗണിലെ അടിസ്ഥാന സൗകര്യ വികസനമില്ലായ്മ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ശൗചാലയത്തിന്റെ അഭാവവും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.പേരാൽ കണ്ണൂർ, സീതാംഗോളി, ബദിയടുക്ക, പെർള തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസ് യാത്രക്കാർക്ക് ബസ് കാത്തിരിപ്പുകേന്ദ്രവുമില്ല. വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.