പഞ്ചായത്ത് നടപടി കടലാസിൽ; കുമ്പള ടൗണിലുമുണ്ട് ‘ബ്രഹ്മപുരം’
text_fieldsകുമ്പള: കൊച്ചിക്കാർക്ക് മാത്രമല്ല പുക ശ്വസിച്ച് ശ്വാസം മുട്ടുന്നത്. കാസർകോട് ജില്ലയിലെ കുമ്പളയിലും വർഷങ്ങളായി ഇത്തരത്തിലൊരു ‘ബ്രഹ്മപുരമുണ്ട്’. കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തുള്ള കുമ്പള സ്കൂൾ മൈതാനംമാണ് ‘ബ്രഹ്മപുരമായി’ മാറിക്കൊണ്ടിരിക്കുന്നത്.
രാത്രിയുടെ മറവിലാണ് ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും. രാത്രി തീ ഇട്ടാൽ പകൽ സമയം മുഴുവനും പുക ഉയരുന്നത് കാണാം. തൊട്ടടുത്ത കുമ്പള സ്കൂളിലെയും സ്വകാര്യ കോളജുകളിലെയും വിദ്യാർഥികൾക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും മത്സ്യ വിൽപന തൊഴിലാളികൾക്കും ഇത് വലിയ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. വിഷയം കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും അറിയിച്ചതാണ്.
കുമ്പള ഗ്രാമപഞ്ചായത്ത് പലപ്രാവശ്യമായി വ്യാപാരികൾക്കും, ഹോട്ടലുകൾക്കും പഴം- പച്ചക്കറി കട ഉടമകൾക്കും നോട്ടീസ് നൽകി നടപടി കടലാസിലൊതുക്കിയെന്നാണ് ആക്ഷേപം. രാത്രി ഒമ്പതു മണിക്കും 12 മണിക്കും ഇടയിലാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതുമെന്ന് തൊട്ടടുത്ത വ്യാപാരികൾ പറയുന്നു. ഇത് തടയാൻ സി.സി.ടി.വി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
കുമ്പളയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ ചാക്കുകളിലാക്കി കൊണ്ടിടുന്നതും കത്തിക്കുന്നതും. രണ്ടാഴ്ച മുമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഹരിതസേന അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും മാലിന്യം വലിച്ചെറിയാൻ ഉപയോഗിക്കുന്ന സ്കൂൾ മൈതാനത്തേക്കുള്ള ഇടവഴി കെട്ടിയടക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർഥികളും, വ്യാപാരികളും പറയുന്നു. ഇവരെ പിടികൂടാൻ രാത്രി കാലങ്ങളിൽ സ്കൂൾ റോഡിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.