സ്വന്തം നിലക്ക് നിരക്ക് കൂട്ടി ബസുടമകൾ; ചോദ്യം ചെയ്താൽ ഡീസൽ വിലവർധനയെന്ന മറുപടിയും
text_fieldsകുമ്പള: സ്വന്തം നിലക്ക് ടിക്കറ്റ് നിരക്കു കൂട്ടി സ്വകാര്യ ബസുകൾ. കാസർകോട് - തലപ്പാടി, കുമ്പള- കളത്തൂർ, കുമ്പള- പേരാൽ കണ്ണൂർ, കുമ്പള- ബദിയടുക്ക, കുമ്പള- പെർള, കുമ്പള- ധർമത്തടുക്ക തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളാണ് സ്വന്തം നിലക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. ലോക്ഡൗൺ കഴിഞ്ഞ് സർവിസ് ആരംഭിച്ചതുമുതൽ മിനിമം ചാർജായി 10 രൂപയാണ് ഈ റൂട്ടുകളിൽ ഈടാക്കുന്നത്. യാത്രക്കാർ ചോദ്യം ചെയ്താൽ ഡീസൽ വില വർധനവും സാമഗ്രികളുടെ വിലക്കയറ്റവും ചൂണ്ടിക്കാണിക്കുകയാണ് ബസ് ജീവനക്കാർ. മിക്ക ബസുകളിലും വാങ്ങുന്ന ചാർജിന് ടിക്കറ്റുപോലും നൽകാറില്ല.
വിദ്യാർഥികളിൽ നിന്ന് ബസ് ജീവനക്കാർ അമിത ചാർജ് ഈടാക്കുന്നതായി നേരത്തെതന്നെ പരാതിയുണ്ട്. അഞ്ചുരൂപയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. പതിനഞ്ചു രൂപ യാത്രാനിരക്കുള്ള കളത്തൂരിൽനിന്നും എട്ടുരൂപ ചാർജുള്ള ആരിക്കാടിയിൽനിന്നും അഞ്ചുരൂപ തന്നെയാണ് വിദ്യാർഥികളിൽ നിന്ന് ബസ് ജീവനക്കാർ ചാർജ് കൈപ്പറ്റുന്നത്.
ആരിക്കാടിയിൽനിന്ന് കുമ്പളയിലേക്കുള്ള യഥാർഥ ബസ് ചാർജ് രണ്ടുരൂപയാണെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡിെൻറയും ലോക്ഡൗണിെൻറയും മറവിൽ ബസ് മുതലാളിമാർ അനധികൃതമായി ചാർജ് വർധിപ്പിച്ചതായും ഇത്തരം ബസ് ഉടമകൾക്കും ജീവനക്കാർക്കുമെതിരെ ആർ.ടി.ഒയും പൊലീസും നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ബസ് ചാർജ് വർധനക്കായി സംസ്ഥാന തലത്തിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധത്തിലേക്കുപോവുകയാണ്. അതൊന്നും കാത്തിരിക്കാതെ ഒരുവിഭാഗം ബസുടമകളുടെ തീരുമാനമെന്നതാണ് ഏറെ ആശ്ചര്യകരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.